Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഈ കളി ജയിച്ചത് സഞ്ജു കാരണം'; മലയാളി താരത്തിന്റെ മാന്ത്രിക കൈകളെ വാഴ്ത്തി ക്രിക്കറ്റ് ലോകം, വീഡിയോ

വൈഡ് ആയ പന്ത് ഫോര്‍ പോകാതിരിക്കാന്‍ സര്‍വ്വ ശക്തിയുമെടുത്ത് തന്റെ ഇടതുഭാഗത്തേക്ക് ഫുള്‍ ലെങ്ത്തില്‍ സഞ്ജു ഡൈവ് ചെയ്തു

'ഈ കളി ജയിച്ചത് സഞ്ജു കാരണം'; മലയാളി താരത്തിന്റെ മാന്ത്രിക കൈകളെ വാഴ്ത്തി ക്രിക്കറ്റ് ലോകം, വീഡിയോ
, ശനി, 23 ജൂലൈ 2022 (12:41 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെറും മൂന്ന് റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ 308 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 
 
മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സാണ്. 49 ഓവര്‍ പിന്നിട്ടപ്പോള്‍ 294-6 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. കൂറ്റനടിക്കാരായ റൊമാരിയോ ഷെപ്പേര്‍ഡും അകീല്‍ ഹൊസെയ്‌നും ആയിരുന്നു ക്രീസില്‍. അനായാസം വിന്‍ഡീസ് ജയിക്കുമെന്ന് പോലും തോന്നിയ നിമിഷം. എന്നാല്‍ സിറാജിന്റെ കൃത്യതയാര്‍ന്ന ബൗളിങ്ങും മലയാളി താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിന്റെ മാന്ത്രിക ഡൈവിങ്ങും ഇന്ത്യക്ക് മൂന്ന് റണ്‍സ് വിജയം സമ്മാനിക്കുകയായിരുന്നു. 
 
അവസാന ഓവറിലെ നാല് പന്തുകള്‍ പിന്നിട്ടപ്പോള്‍ ശേഷിക്കുന്ന രണ്ട് പന്തില്‍ നിന്ന് എട്ട് റണ്‍സ് മാത്രമായിരുന്നു വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറിലെ അഞ്ചാം പന്ത് നേരിട്ടത് ഷെപ്പേര്‍ഡ്. സിറാജ് എറിഞ്ഞ പന്ത് ലെഗ് സൈഡില്‍ വൈഡ് ആയി. മാത്രമല്ല നന്നായി പുറത്തേക്ക് പോയ ബോള്‍ ഫോര്‍ ആകുമെന്ന് പോലും തോന്നി. അപ്പോഴാണ് വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്റെ അത്ഭുതകരമായ ഇടപെടല്‍. വൈഡ് ആയ പന്ത് ഫോര്‍ പോകാതിരിക്കാന്‍ സര്‍വ്വ ശക്തിയുമെടുത്ത് തന്റെ ഇടതുഭാഗത്തേക്ക് ഫുള്‍ ലെങ്ത്തില്‍ സഞ്ജു ഡൈവ് ചെയ്തു. ആ പന്ത് ഫോര്‍ ആകാതെ സംരക്ഷിച്ചത് സഞ്ജുവിന്റെ കീപ്പിങ് മികവാണ്. അത് ഫോര്‍ ആയിരുന്നെങ്കില്‍ അവസാന രണ്ട് പന്തില്‍ വിന്‍ഡീസിന്റെ വിജയലക്ഷ്യം വെറും മൂന്ന് റണ്‍സ് ആകുമായിരുന്നു. സഞ്ജു വൈഡ് ബോള്‍ ഫോര്‍ ആകാതെ കാത്തതുകൊണ്ട് അവസാന രണ്ട് പന്തില്‍ വിജയലക്ഷ്യം ഏഴ് റണ്‍സായി. ഒടുവില്‍ ഇന്ത്യ മൂന്ന് റണ്‍സിന് വിജയം സ്വന്തമാക്കുകയും ചെയ്തു. 
 


നിരവധി പേരാണ് സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയത്. സഞ്ജുവാണ് ഇന്ത്യയുടെ വിജയശില്‍പ്പിയെന്നാണ് ക്രിക്കറ്റ് ആരാധകരുടെ വിലയിരുത്തല്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

10 വർഷത്തോളമായി കേൾക്കുന്നു, വിമർശകരെ തള്ളി ശിഖർ ധവാൻ