മലയാളി താരം സഞ്ജു സാംസണ്‍ ഏഷ്യാ കപ്പ് ടീമില്‍ ഇടം പിടിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ മോശം പ്രകടനമാണ് സഞ്ജുവിന് തിരിച്ചടിയായത്. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഇടം പിടിച്ചില്ലെങ്കില്‍ സഞ്ജു ഏകദിന ലോകകപ്പ് കളിക്കാനുള്ള സാധ്യതയും അസ്തമിക്കും.
ബാറ്റ് ചെയ്യാനിറങ്ങിയ അവസാന അഞ്ച് ഇന്നിങ്‌സുകളില്‍ നാല് തവണയും സഞ്ജു 20 ന് താഴെ റണ്‍സാണ് എടുത്തത്. അതില്‍ തന്നെ രണ്ട് തവണ ഒറ്റയക്കത്തിനു പുറത്തായി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിലെ അര്‍ധ സെഞ്ചുറി മാത്രമാണ് ആശ്വസിക്കാന്‍ വക നല്‍കുന്നത്. ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാനുള്ള എല്ലാ സാധ്യതകളും സഞ്ജുവിന് അസ്തമിച്ചതായി ഇന്‍സൈഡര്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കെ.എല്‍.രാഹുല്‍ പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുന്നതും ഇഷാന്‍ കിഷന്‍ ഏകദിനത്തില്‍ സ്ഥിരത പുലര്‍ത്തുന്നതുമാണ് സഞ്ജുവിന്റെ അവസരം നഷ്ടമാകാന്‍ കാരണം. രാഹുല്‍ പ്രധാന വിക്കറ്റ് കീപ്പറായും ഇഷാന്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായും ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കും. യുവതാരം തിലക് വര്‍മയെ ലോകകപ്പ് മുന്നില്‍ കണ്ട് ഏഷ്യാ കപ്പിലേക്ക് കൂടി പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സഞ്ജുവിന് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാകും.