ലോകകപ്പിന് മുന്‍പ് മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടാന്‍ സാധ്യതയുള്ള ടൂര്‍ണമെന്റ് എന്ന നിലയില്‍ ഏഷ്യാകപ്പിനെ വലിയ കാത്തിരിപ്പോടെയാണ് ക്രിക്കറ്റ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ടൂര്‍ണമെന്റില്‍ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ ആദ്യമത്സരവും സൂപ്പര്‍ ഫോറിലെ മത്സരവും മഴ മുടക്കിയിരിക്കുകയാണ്. റിസര്‍വ് ദിനമായ ഇന്ന് മഴ വില്ലനായില്ലെങ്കില്‍ ഇരു ടീമുകളും തമ്മില്‍ മുഴുവന്‍ ഓവര്‍ മത്സരവും നടക്കും. ഇന്നലെ മഴ കളി മുടക്കുമ്പോള്‍ 24.1 ഓവറില്‍ 147 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. 56 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയുടെയും 58 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
മത്സരം മഴ മുടക്കിയത് ആരാധകര്‍ക്ക് നിരാശ നല്‍കിയതെങ്കിലും സ്‌പോര്‍ട്‌സ് രാഷ്ട്രീയത്തിനും മുകളില്‍ നില്‍ക്കുന്നതാണ് എന്ന് തെളിയിക്കുന്ന രംഗങ്ങള്‍ക്ക് ഇന്നലെ കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയം സാക്ഷിയായി. കളിക്കളത്തിലെ വൈരികളാണെങ്കിലും ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ സൗഹൃദം പങ്കുവെയ്ക്കുന്ന രംഗങ്ങള്‍ യഥാര്‍ഥ കായികപ്രേമികളുടെ നെഞ്ചില്‍ കുളിര്‍ കോരിയിടുന്നതാണ്. ഇത്തരത്തില്‍ പാക് പേസര്‍ ഷഹീന്‍ അഫ്രീദി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ കുഞ്ഞിനുള്ള സമ്മാനം നല്‍കുന്ന രംഗങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഏഷ്യാകപ്പ് ടൂര്‍ണമെന്റിനിടെയാണ് ബുമ്രയ്ക്കും ഭാര്യ സഞ്ജന ഗണേഷിനും കുഞ്ഞ് പിറന്നത്.