ഏഷ്യാകപ്പില്‍ ഇന്ത്യ കിരീടനേട്ടം സ്വന്തമാക്കിയതില്‍ അഭിമാനിക്കുമ്പോഴും ചില ചോദ്യങ്ങള്‍ തനിക്ക് ചോദിക്കാതിരിക്കാനാകുന്നില്ലെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജുവിനെ ഓപ്പണിംഗ് സ്ഥാനത്ത് നിന്നും മാറ്റിയ തീരുമാനത്തെ ചോദ്യം ചെയ്താണ് തരൂര്‍ എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചത്.
നമ്മുടെ വിജയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാതെ കുറച്ച് കാര്യങ്ങള്‍ ചോദിക്കുന്നത് ന്യായമാണെന്ന് കരുതുന്നു. അഭിഷേക് ശര്‍മ- സഞ്ജു സാംസണ്‍ എന്ന വിജയകരമായ ഓപ്പണിംഗ് കൂട്ടുക്കെട്ട് തകര്‍ത്ത് 3 സെഞ്ചുറി സ്വന്തമാക്കിയ ഒരാളെ മധ്യനിരയിലേക്ക് താഴ്ത്തിയത് ശരിയായിരുന്നോ?, ഏഷ്യാകപ്പിലെ ഗില്ലിന്റെ പ്രകടനങ്ങള്‍ അത്തരമൊരു മാറ്റത്തെ ന്യായീകരിക്കാന്‍ പാകമുള്ളതാണോ?, ഇന്ത്യയ്ക്കായി തിളങ്ങിയ സഞ്ജുവിനെ ഓപ്പണിങ്ങില്‍ തിരിച്ചെത്തിക്കുകയും ഗില്ലിനെ വണ്‍ ഡൗണ്‍ സ്ഥാനത്താക്കുകയും ചെയ്യുന്നതല്ലെ നല്ലത്? സൂര്യകുമാറിനെ അഞ്ചാം നമ്പറിലെത്തിക്കുകയും ചെയ്യാം. ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയും ബിസിസിഐയേയും ടാഗ് ചെയ്താണ് തരൂരിന്റെ ചോദ്യം.