Shikhar Dhawan: ശിഖര്‍ ധവാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു
ഇന്ത്യക്കായി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനങ്ങളും 68 ട്വന്റി 20 മത്സരങ്ങളും ധവാന്‍ കളിച്ചിട്ടുണ്ട്
Shikhar Dhawan: ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം താന്‍ അവസാനിപ്പിക്കുകയാണെന്നും രാജ്യത്തിനു വേണ്ടി കളിക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ടെന്നും ധവാന്‍ പറഞ്ഞു. 2010 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച ധവാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും താരം വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇനി ഐപിഎല്ലില്‍ മാത്രമാണ് ധവാന്‍ കളിക്കുക.
' എനിക്ക് ഒരു സ്വപ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ഇന്ത്യക്കു വേണ്ടി കളിക്കുകയാണ്. ആ സ്വപ്‌നം ഞാന്‍ നിറവേറ്റി. ഈ യാത്രയില്‍ എനിക്കൊപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഞാന്‍ വിരമിക്കുകയാണ്. ഞാന്‍ എന്റെ രാജ്യത്തിനു വേണ്ടി ഒരുപാട് കളിച്ചു,' ധവാന്‍ പറഞ്ഞു.
ഇന്ത്യക്കായി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനങ്ങളും 68 ട്വന്റി 20 മത്സരങ്ങളും ധവാന്‍ കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നായി 10,867 റണ്‍സാണ് താരം നേടിയിരിക്കുന്നത്. ഏകദിനത്തിലും ടെസ്റ്റിലും 40 നു മുകളിലാണ് ശരാശരി. ഏകദിനത്തില്‍ 17 സെഞ്ചുറികളും ടെസ്റ്റില്‍ ഏഴ് സെഞ്ചുറികളും ധവാന്റെ പേരിലുണ്ട്. 2013 ല്‍ ചാംപ്യന്‍സ് ട്രോഫി നേടുമ്പോള്‍ ധവാന്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണായക റോള്‍ വഹിച്ചിരുന്നു. 2022 ലാണ് ധവാന്‍ ഇന്ത്യക്കായി അവസാന രാജ്യാന്തര മത്സരം കളിച്ചത്.