ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ നേരിട്ട തോല്‍വിയില്‍ പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി പാക് മുന്‍ താരം ഷോയ്ബ് അക്തര്‍. പാകിസ്ഥാന്റെ തോല്‍വിയില്‍ അത്ഭുതമില്ലെന്നും നിലവാരമില്ലാത്ത ടീമും സെലക്ഷന്‍ കമ്മിറ്റിയുടെ പല തീരുമാനങ്ങളുമാണ് പാകിസ്ഥാനെ ഇത്തരത്തിലാക്കിയതെന്നും അക്തര്‍ പറയുന്നു.
ആളുകള്‍ പറയുന്നു ഞാന്‍ വളരെ നിരാശനാണെന്ന്. എന്നാല്‍ അങ്ങനെയല്ല. എനിക്കറിയാമായിരുന്നു ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്. എല്ലാ ടീമുകളും 6 ബൗളര്‍മാരുമായാണ് കളിക്കുന്നത്. ഇവിടെ 5 പേരെ മാനേജ് ചെയ്യാന്‍ പറ്റുന്നില്ല. മാനേജ്‌മെന്റിന് അവര്‍ എന്താണ് ചെയ്യുന്നത് എന്നതിനെ പറ്റി ഒരു ധാരണയുമില്ല. മാനേജ്‌മെന്റിനെ പോലെ തന്നെയാണ് കളിക്കാരും. അവര്‍ക്കും അവരെന്താണ് ചെയ്യേണ്ടത് എന്നതിനെ പറ്റി യാതൊരു ഊഹവുമില്ല.
ഇന്‍ഡെന്‍ഡ് എന്ന് പറയുന്നത് മറ്റൊന്നാണ്. ഈ ടീമിന് വേണ്ടത്ര സ്‌കില്‍ സെറ്റ് തന്നെയില്ല എന്നതാണ് സത്യം. രോഹിത്, വിരാട് കോലി,ശുഭ്മാന്‍ ഗില്‍ ഇവര്‍ക്കൊക്കെയും പന്തിനെ അതിര്‍ത്തി കടത്താന്‍ എളുപ്പത്തില്‍ സാധിക്കുന്നു. ആ സ്‌കില്‍ സെറ്റ് പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്കില്ല. എന്താണ് കളിക്കളത്തില്‍ ചെയ്യേണ്ടത് എന്നതിനെ പറ്റി യാതൊരു ഐഡിയയുമില്ല. ക്യാപ്റ്റന്‍സിയും വട്ടപൂജ്യമാണ്. നിങ്ങള്‍ക്ക് മൈതാനത്ത് വിക്കറ്റുകളും റണ്‍സും നേടാനായില്ലെങ്കില്‍ ടാലന്റിനെ പറ്റി പറയുന്നത് വെറുതെയാണ്. ഇത് കേള്‍ക്കാന്‍ തുടങ്ങി 10-15 വര്‍ഷമായി. തോല്‍വിയില്‍ പറയാന്‍ ഒന്നുമില്ല. മത്സരശേഷം പാകിസ്ഥാന്‍ മാധ്യമവുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ ഷോയ്ബ് അക്തര്‍ പറഞ്ഞു.