രാഹുല്‍ സെറ്റാണ്, ശ്രേയസിന് നൂറ് ശതമാനം ഫിറ്റ്‌നെസ് വീണ്ടെടുക്കാനായിട്ടില്ല; ഏഷ്യാ കപ്പില്‍ ഈ യുവതാരം കളിക്കും!
രാഹുല്‍ കീപ്പിങ് ആരംഭിച്ചിട്ടുണ്ട്. നിലവിലെ ആരോഗ്യസ്ഥിതി വെച്ച് രാഹുലിന് ഏഷ്യാ കപ്പ് കളിക്കാന്‍ സാധിക്കും
പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചെങ്കിലും നൂറ് ശതമാനം ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി താരങ്ങളെ നിരീക്ഷിക്കുന്നത് സെലക്ടര്‍മാര്‍ തുടരുകയാണ്. കെ.എല്‍.രാഹുല്‍ 50 ഓവര്‍ മത്സരം കളിക്കാന്‍ ശാരീരികമായി സജ്ജമാണെന്നും എന്നാല്‍ ശ്രേയസ് അയ്യര്‍ നൂറ് ശതമാനം ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാഹുല്‍ കീപ്പിങ് ആരംഭിച്ചിട്ടുണ്ട്. നിലവിലെ ആരോഗ്യസ്ഥിതി വെച്ച് രാഹുലിന് ഏഷ്യാ കപ്പ് കളിക്കാന്‍ സാധിക്കും. എന്നാല്‍ ശ്രേയസ് അയ്യരുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ യുവതാരം തിലക് വര്‍മയെ ശ്രേയസിന് പകരം പരിഗണിക്കാനാണ് ഇപ്പോള്‍ സെലക്ടര്‍മാരുടെ തീരുമാനം.
ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ശ്രേയസും രാഹുലും ഇപ്പോള്‍ പരിശീലനം നടത്തുന്നത്. ഇരുവരും ഉടന്‍ പരിശീലന മത്സരം കളിക്കും. അതിനു ശേഷമായിരിക്കും ശ്രേയസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അയര്‍ലന്‍ഡ് പര്യടനത്തിനായി പോയിരിക്കുകയാണ് തിലക് വര്‍മ. അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞ ശേഷമായിരിക്കും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി ഓഗസ്റ്റ് 20 ഞായറാഴ്ച ടീം പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.