ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചതുള്‍പ്പടെ സമീപകാലത്തായി മികച്ച ഫോമിലാണ് പഞ്ചാബ് കിംഗ്‌സ് നായകനായ ശ്രേയസ് അയ്യര്‍. കഴിഞ്ഞ ഐപിഎല്‍ കാലം മുതല്‍ തന്നെ മികച്ച രീതിയിലാണ് ശ്രേയസ് ബാറ്റ് വീശുന്നത്. ഐപിഎല്ലിന് പിന്നാലെ ആഭ്യന്തര ലീഗിലും പിന്നീട് ദേശീയ ടീമിലും മികച്ച പ്രകടനം നടത്തിയ ശ്രേയസ് ഐപിഎല്ലിലും മിന്നുന്ന ഫോമിലാണ്.
ഇപ്പോഴിതാ ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള ബിസിസിഐ വാര്‍ഷിക കരാര്‍ പ്രഖ്യാപിക്കാനിരിക്കെ ശ്രേയസ് അയ്യര്‍ തിരികെ കരാറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബിസിസിഐ കരാറിലിരിക്കെ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നും താരത്തെ പുറത്താക്കിയത്. ഇഷാന്‍ കിഷനെതിരെയും ബിസിസിഐ സമാന നടപടിയെടുത്തിരുന്നു.
2024-25ലെ വാര്‍ഷിക കരാര്‍ പ്രഖ്യാപിക്കുമ്പോള്‍ ടി20 ഫൊര്‍മാറ്റില്‍ നിന്നും വിരമിച്ചെങ്കിലും രോഹിത് ശര്‍മയും വിരാട് കോലിയും എ പ്ലസ് കാറ്റഗറിയില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. സാധാരണ ഗതിയില്‍ 3 ഫോര്‍മാറ്റിലുമായി കളിക്കുന്ന ടീമിന്റെ പ്രധാനതാരങ്ങള്‍ക്കാണ് ഈ കരാര്‍ നല്‍കാറുള്ളത്. ടി20യിലെയും ചാമ്പ്യന്‍സ് ട്രോഫിയിലെയും മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ വരുണ്‍ ചക്രവര്‍ത്തിക്കും കരാര്‍ ലഭിച്ചേക്കും. ബിസിസിഐ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാച്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്ന കളിക്കാര്‍ക്ക് ഗ്രേഡ് സി കരാര്‍ സ്വമേധയാ ലഭിക്കും.