ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ താരങ്ങളായ ഷാര്‍ദ്ദൂല്‍ താക്കൂറിനും ശുഭ്മാന്‍ ഗില്ലിനും ടീം വിശ്രമം അനുവദിച്ചു. മൂന്നാം ഏകദിനം നടക്കുന്ന രാജ്‌കോട്ടിലേക്ക് ഇരുവരും വിമാനം കയറിയില്ല. ഇനി ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി നടക്കുന്ന സന്നാഹമത്സരത്തില്‍ ഗുവാഹത്തിയിലാകും ഇരുവരും ഇന്ത്യന്‍ ടീമിനൊപ്പം ചേരുക.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ സ്വപ്ന സമാനമായ ഫോമിലാണ് ഗില്‍. ആദ്യമത്സരത്തില്‍ അര്‍ധസെഞ്ചുറി കണ്ടെത്തിയ താരം രണ്ടാം ഏകദിനത്തില്‍ സെഞ്ചുറിയും നേടിയിരുന്നു. ഏകദിനത്തില്‍ ഈ വര്‍ഷം താരം സ്വന്തമാക്കുന്ന അഞ്ചാമത്തെ സെഞ്ചുറിയാണിത്. ഈ വര്‍ഷം ബാറ്റ് ചെയ്ത 20 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 72.35 റണ്‍സ് ശരാശരിയില്‍ 1230 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാന്‍ 665 റണ്‍സ് മാത്രമാണ് ഇനി ഗില്ലിന് ആവശ്യമായുള്ളത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ടീമില്‍ തിരിച്ചെത്തും. രോഹിത് ശര്‍മയാകും മത്സരത്തില്‍ ഇന്ത്യയെ നയിക്കുക.