ഏകദിനക്രിക്കറ്റില്‍ 35 ഇന്നിങ്ങ്‌സ് പിന്നിടുമ്പോള്‍ 1,900 റണ്‍സ് സ്വന്തമാക്കിയ ആദ്യതാരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്‍. 35 ഇന്നിങ്ങ്‌സുകള്‍ പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് ഇതുവരെയും ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ പേരിലായിരുന്നു. 35 ഇന്നിങ്ങ്‌സില്‍ നിന്നും 1844 റണ്‍സാണ് അംല നേടിയിരുന്നത്. ഈ റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്.
35 ഇന്നിങ്ങ്‌സുകളില്‍ നിന്നും 66.1 റണ്‍സ് ശരാശരിയില്‍ 1917 റണ്‍സാണ് ഗില്ലിന്റെ പേരിലുള്ളത്. 6 ഏകദിന സെഞ്ചുറികള്‍ ഗില്‍ ഇതിനകം നേടികഴിഞ്ഞു. ഇതില്‍ അഞ്ചെണ്ണവും 2023ലാണ് താരം സ്വന്തമാക്കിയത്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ 12,00 റണ്‍സ് ഗില്‍ പിന്നിട്ടു കഴിഞ്ഞു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം റണ്‍സെന്ന സച്ചിന്റെ റെക്കോര്‍ഡ് നേട്ടത്തിന് 664 റണ്‍സ് മാത്രം പിന്നിലാണ് ഗില്‍. അതിനാല്‍ തന്നെ ഏകദിന ലോകകപ്പില്‍ ഗില്‍ സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധ്യതയേറെയാണ്.
ഈ വര്‍ഷം മാത്രം ഏകദിനത്തില്‍ 6 തവണ സെഞ്ചുറി കൂട്ടുക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ ശുഭ്മാന്‍ ഗില്ലിനായി. 6 തവണ ഇതേനേട്ടം സ്വന്തമാക്കിയ പാക് നായകന്‍ ബാബര്‍ അസമിന്റെ റെക്കോര്‍ഡ് തകര്‍ക്കാനും ലോകകപ്പില്‍ താരത്തിനായേക്കും. അതേസമയം ഓപ്പണറായി 25 വയസ്സിന് മുന്‍പ് ഏറ്റവും കൂടുതല്‍ റണ്‍സെന്ന സച്ചിന്റെ റെക്കോര്‍ഡും ഗില്ലിന് മുന്നിലുണ്ട്. 25 വയസാകുന്നതിന് മുന്‍പായി 4835 റണ്‍സാണ് സച്ചിന്‍ സ്വന്തമാക്കിയത്.ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി 2812 റണ്‍സ് ഗില്‍ ഇതിനകം തന്നെ നേടിയിട്ടുണ്ട്. ഇന്ത്യന്‍ പിച്ചുകളില്‍ അപകടകാരിയായ താരമായ ഗില്‍ ഈ വര്‍ഷം ഇന്ത്യയില്‍ മാത്രം 4 സെഞ്ചുറികള്‍ നേടികഴിഞ്ഞു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയില്‍ 3 സെഞ്ചുറികള്‍ സ്വന്തമാക്കിയ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്.