മെല്‍ബണ്‍ ടെസ്റ്റിലെ ഇന്ത്യന്‍ തോള്‍വിക്ക് പിന്നാലെ ചര്‍ച്ചയായി ഇന്ത്യന്‍ മുന്‍ താരം രവിചന്ദ്ര അശ്വിന്റെ ട്വീറ്റ്. തോല്‍വിക്ക് പിന്നാലെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചുള്ള അശ്വിന്റെ ട്വീറ്റ് നായകന്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കുമെതിരെയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
മെല്‍ബണ്‍ ടെസ്റ്റിന്റെ അഞ്ചാം ദിനം യുവതാരങ്ങളായ റിഷഭ് പന്തിനെയും യശ്വസി ജയ്‌സ്വാളിനെയും പ്രശംസിച്ച് അശ്വിന്‍ പോസ്റ്റ് ഇട്ടിരുന്നു. നല്ല നേതാക്കള്‍ ഉയര്‍ന്നുവരുന്നത് പ്രതിസന്ധികളെ നേരിടാന്‍ അവര്‍ ദൃഡനിശ്ചയം കാണിക്കുമ്പോഴാണ് എന്നായിരുന്നു അശ്വിന്റെ പോസ്റ്റ്. എന്നാല്‍ ഈ പോസ്റ്റ് രോഹിത്തിനെയും കോലിയേയും പരിഹസിക്കുന്നതാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ അശ്വിന്‍ തന്നെ വിശദീകരണവുമായെത്തി. ഈ ട്വീറ്റ് ഫാന്‍ ക്ലബുകള്‍ ഉള്ളവര്‍ക്കുള്ളതല്ല എന്നതായിരുന്നു അശ്വിന്‍ പറഞ്ഞത്. എന്നാല്‍ ഈ ട്വീറ്റ് ഇന്ത്യന്‍ ടീമില്‍ ഭിന്നതകളുണ്ടെന്ന അഭ്യൂഹമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടീമില്‍ ഭാഗമായിരുന്ന അശ്വിന്‍ അപ്രതീക്ഷിതമായിട്ടായിരുന്നു പരമ്പരയിലെ മൂന്നാം മത്സരത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.