സ്മൃതിയോ ലോറയോ? ഐസിസി പ്ലെയർ ഓഫ് ദ മന്തിനായി കടുത്ത മത്സരം
ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയി തിളങ്ങാന്‍ സ്മൃതിക്കായിരുന്നു.
വനിതാ ലോകകപ്പ് പോരട്ടങ്ങള്‍ക്ക് പിന്നാലെ ഐസിസിയുടെ ഒക്ടോബര്‍ മാസത്തിലെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ഇന്ത്യയുടെ സ്മൃതി മന്ദാനയും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡും. വനിതാ ബാറ്റര്‍മാരുടെ ലോകറാങ്കിങ്ങില്‍ സ്മൃതിയെ പിന്തള്ളി ലോറ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഐസിസി പ്ലെയര്‍ ഓഫ് ദ മന്തിനായും ഇരുവരും മത്സരിക്കുന്നത്. ഓസീസ് ഓള്‍ റൗണ്ടര്‍ ആഷ്‌ലി ഗാര്‍ഡ്‌നറാണ് പട്ടികയിലുള്ള മൂന്നാമത്തെ താരം.
ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയി തിളങ്ങാന്‍ സ്മൃതിക്കായിരുന്നു. ടൂര്‍ണമെന്റിലെ 9 മത്സരങ്ങളില്‍ നിന്ന് 434 റണ്‍സാണ് താരം നേടിയത്. ഇതില്‍ ഓസ്‌ട്രേലിയക്കെതിരായ 80 റണ്‍സ്, ഇംഗ്ലണ്ടിനെതിരെ 88 റണ്‍സ്, ന്യൂസിലന്‍ഡിനെതിരെ 109 റണ്‍സ് എന്നിവയും ഉള്‍പ്പെടുന്നു.
അതേസമയം വനിതാ ലോകകപ്പില്‍ ഫൈനലില്‍ ഇന്ത്യക്കെതിരെ നേടിയ സെഞ്ചുറിയടക്കം 571 റണ്‍സാണ് ലോറ അടിച്ചെടുത്തത്. ഇതില്‍ ലീഗ് ഘട്ടത്തില്‍ ഇന്ത്യക്കെതിരെ നേടിയ 70 റണ്‍സ്, സെമിയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 169 റണ്‍സ് എന്നിവയും ഉള്‍പ്പെടുന്നു. ആഷ്‌ലി ഗാര്‍ഡ്‌നറാകട്ടെ ടൂര്‍ണമെന്റില്‍ 2 സെഞ്ചുറികളാണ് നേടിയത്. ന്യൂസിലന്‍ഡിനെതിരെ 115 റണ്‍സും ഇംഗ്ലണ്ടിനെതിരെ 104 റണ്‍സും നേടിയ താരം ടൂര്‍ണമെന്റില്‍ നിന്ന് 7 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.