ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിച്ചത്. രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗിനിറങ്ങിയ സഞ്ജു വെറും 12 റണ്‍സിന് മടങ്ങിയതോടെ താരത്തിനെതിരായ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ സെഞ്ചുറി സ്വന്തമാക്കിയ സഞ്ജു ഇന്ത്യയ്ക്ക് ഏകദിന പരമ്പര നേടികൊടുക്കുകയും ചെയ്തു.
 
									
			
			 
 			
 
 			
					
			        							
								
																	
	 
	രാജ്യാന്തരതലത്തിലെ താരത്തിന്റെ ആദ്യ സെഞ്ചുറി പ്രകടനമാായിരുന്നു ഇത്. ഇതോടെ മത്സരത്തിലെ താരമായും സഞ്ജു തിരെഞ്ഞെടുക്കപ്പെട്ടു. സഞ്ജു ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറി നേടിയതോടെ ഏകദിന പരമ്പരയ്ക്ക് മുന്‍പ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരമായ എ ബി ഡിവില്ലിയേഴ്‌സ് താരത്തിനെ പറ്റി നടത്തിയ പ്രവചനം ആഘോഷമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.
 
									
										
								
																	
	 
	ബൗണ്‍സുള്ള ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയ്ക്ക് അനുയോജ്യമാണെന്നും ബൗണ്‍സും സ്വിംഗുമുള്ള ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ബാറ്റര്‍മാര്‍ പരീക്ഷക്കപ്പെടുമെങ്കിലും സഞ്ജുവിനെ പോലുള്ളവര്‍ക്ക് റണ്‍സ് കണ്ടെത്തുന്നതില്‍ വിഷമമുണ്ടാകില്ലെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു. ഇതിന് പുറമെ വിക്കറ്റ് കീപ്പറായും സഞ്ജുവിനെ പ്രയോജനപ്പെടുത്താമെന്നതും ഇന്ത്യയ്ക്ക് ഗുണകരമാണെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കിയിരുന്നു. ഈ പ്രവചനം അപ്പാടെ സത്യമായതോടെയാണ് എബിഡിയുടെ വാക്കുകളെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.