ഡിസംബറിലെ വാര്‍ത്താസമ്മേളനത്തിന്റെ പേരില്‍ വിരാട് കോലിക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയക്കാന്‍ ബിസിസിഐ ആലോചിച്ചിട്ടില്ലെന്ന് ബോര്‍ഡ് അധ്യക്ഷന്‍ സൗരവ് ഗാംഗുലി. 'കോലിക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയക്കാന്‍ ബിസിസിഐ ആലോചിച്ചിട്ടില്ല. അത്തരം വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണ്,' ഗാംഗുലി പ്രതികരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് മുന്നോടിയായി വിരാട് കോലി ഡിസംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ചില പരാമര്‍ശങ്ങള്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെ ചൊടിപ്പിച്ചെന്നും വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങളില്‍ കോലിക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയക്കാന്‍ ഗാംഗുലി തീരുമാനിച്ചിരുന്നെന്നുമാണ് ഇന്നലെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു പിന്നാലെയാണ് ഗാംഗുലിയുടെ വിശദീകരണം.
ട്വന്റി 20 ക്യാപ്റ്റന്‍സി ഒഴിയാനുള്ള തന്റെ തീരുമാനത്തെ കുറിച്ചും അപ്രതീക്ഷിതമായി തന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതിനെ കുറിച്ചുമെല്ലാം കോലി വാര്‍ത്താസമ്മേളനത്തിനിടെ തുറന്നടിച്ചിരുന്നു. ബിസിസിഐ അധ്യക്ഷന്‍ പറഞ്ഞ കാര്യങ്ങള്‍ വിപരീതമായിരുന്നു കോലി നടത്തിയ പല പ്രസ്താവനകളും. ഇതില്‍ ഗാംഗുലിക്ക് കോലിയോട് കടുത്ത നീരസം തോന്നിയെന്നും കാരണംകാണിക്കല്‍ നോട്ടീസ് അയക്കാന്‍ ആലോചിച്ചിരുന്നു എന്നുമാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തത്.
അന്ന് കോലി നടത്തിയ ആരോപണങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ഗാംഗുലി, താരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാനൊരുങ്ങിയതെന്നാണ് ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇടപെട്ട് ഗാംഗുലിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയ ശേഷം ഈ നീക്കം തടയുകയായിരുന്നു. ബോര്‍ഡിന്റെ നീക്കം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിനെ മോശമായി ബാധിക്കാതിരിക്കാനാണ് ജയ് ഷാ ഈ വിഷയത്തില്‍ ഇടപെട്ടതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.