ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോറ്റതോടെ രണ്ടാം ടെസ്റ്റില്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചൊരുക്കാന്‍ ഇന്ത്യ. പരമ്പരാഗതമായി സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ് പൂനെയിലെ പിച്ച്. ഇതിന് പുറമെയാണ് സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ സഹായം ലഭിക്കുന്ന പിച്ചൊരുക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നിര്‍ദേശിച്ചിരിക്കുന്നത്.
ബെംഗളുരുവിലെ പിച്ചിനെ അപേക്ഷിച്ച് വേഗവും ബൗണ്‍സും കുറഞ്ഞതും അതേ സമയം കൂടുതല്‍ ടേണ്‍ ലഭിക്കുന്നതുമായ പിച്ചായിരിക്കും പൂനെയിലേത് എന്നാണ് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബെംഗളുരുവിലെ പോലെ 3 സ്പിന്നര്‍മാരെ തന്നെയാകും ഇതോടെ പുനെയിലും ഇന്ത്യ ഇറക്കുക. മൂന്നാം സ്പിന്നറായി അക്‌സര്‍ പട്ടേലോ, കുല്‍ദീപ് യാദവോ,വാഷിങ്ങ്ടണ്‍ സുന്ദറോ എന്ന കാര്യത്തില്‍ മാത്രമാണ് ടീം മാനേജ്‌മെന്റിന് സംശയമുള്ളത്. മഴമൂലം ആദ്യദിനം പൂര്‍ണമായും നഷ്ടമായ ബെംഗളുരുവിലെ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ 46 റണ്‍സിനാണ് ഓള്‍ ഔട്ടായത്. പിന്നാലെ മത്സരത്തില്‍ 8 വിക്കറ്റിന്റെ തോല്‍വിയും ഇന്ത്യന്‍ സംഘം വഴങ്ങിയിരുന്നു.