കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്‌നത്തില്‍ സഞ്ജു സാംസണിനെ പിന്തുണച്ച് സംസാരിച്ചതിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. സഞ്ജുവായാലും സച്ചിനായാലും നിതീഷായാലും അവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും കെസിഎ അവരുടെ അധികാരം പ്രയോഗിക്കട്ടെയെന്നും ശ്രീശാന്ത് പ്രതികരിച്ചു.
സഞ്ജുവിന് ശേഷം ഒരു താരത്തെയെങ്കിലും ദേശീയ ടീമിലെത്തിക്കാന്‍ കെസിഎയ്ക്ക് സാധിച്ചോ?, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കളിക്കാരെ ഇറക്കിയാണ് കെസിഎ കളിപ്പിക്കുന്നത്. ഇത് മലയാളി താരങ്ങളോടുള്ള അനാദരവാണ്. സഞ്ജുവല്ല നിതീഷോ സച്ചിനോ ആരായാലും ഞാന്‍ എന്റെ സഹതാരങ്ങള്‍ക്കൊപ്പം നില്‍ക്കും. ഇതേപറ്റി എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. പ്രതികരണം പോലും അര്‍ഹിക്കുന്ന വിഷയമല്ല ഇത്. അവര്‍ അധികാരം പ്രയോഗിക്കട്ടെ, ഞാന്‍ തെറ്റൊന്നും തന്നെ ചെയ്തിട്ടില്ല. ശ്രീശാന്ത് പറഞ്ഞു.
എം ഡി നിതീഷ്, വിഷ്ണു വിനോദ്, സച്ചിന്‍ ബേബി എന്നിങ്ങനെ ഒരുപിടി താരങ്ങള്‍ കേരളത്തില്‍ നിന്നുണ്ട്. ഇവര്‍ക്ക് ദേശീയ ടീമില്‍ ഇടം ലഭിക്കാനായി കെസിഎ എന്താണ് ചെയ്യുന്നത്. നമ്മുടെ താരങ്ങള്‍ക്കായി ഒന്ന് സംസാരിക്കാന്‍ പോലും അവര്‍ തയ്യാറല്ല. കഴിഞ്ഞ ആഭ്യന്തര സീസണില്‍ മികച്ച പ്രകടനം നടത്തിയ സച്ചിന്‍ ബേബിക്ക് എന്തുകൊണ്ട് ദുലീപ് ട്രോഫി ടീമില്‍ ഇടം കിട്ടിയില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും താരങ്ങളെ കൊണ്ടുവന്ന് കളിപ്പിക്കുന്നത് ദേശീയ ടീമിലെത്താന്‍ മോഹിക്കുന്ന മലയാളിതാരങ്ങളോടുള്ള അനാദരവ് കൊണ്ടല്ലെ.
കെസിഎ അവര്‍ക്ക് മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. എനിക്ക് സംസാരിക്കാന്‍ എല്ലാ അവകാശവുമുണ്ട്. കാര്യങ്ങള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ എനിക്കും മറ്റ് ക്രിക്കറ്റ് താരങ്ങള്‍ക്കുമെതിരെ അവര്‍ നടപടിയെടുക്കുമോ. ശ്രീശാന്ത് ചോദിച്ചു.