Sri Lanka vs Bangladesh 1st ODI: ഒരു വിക്കറ്റ് നഷ്ടത്തില്‍ 99, പിന്നെ നോക്കുമ്പോള്‍ 105-8; ആറ് റണ്‍സിനിടെ ഏഴ് വിക്കറ്റ് !
Bangladesh vs Sri Lanka: ജയം ഉറപ്പിച്ച മത്സരമാണ് ബംഗ്ലാദേശ് കൈവിട്ടത്
Sri lanka vs Bangladesh 1st ODI: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ 77 റണ്‍സിന്റെ തോല്‍വിയാണ് ബംഗ്ലാദേശ് വഴങ്ങിയത്. തോറ്റു എന്നതിനേക്കാള്‍ തോറ്റ രീതിയാണ് ബംഗ്ലാദേശ് താരങ്ങളെയും ആരാധകരെയും നാണംകെടുത്തുന്നത്.
ജയം ഉറപ്പിച്ച മത്സരമാണ് ബംഗ്ലാദേശ് കൈവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ശ്രീലങ്ക 49.2 ഓവറില്‍ 244 നു ഓള്‍ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന്റെ ഇന്നിങ്‌സ് അവസാനിച്ചത് 35.5 ഓവറില്‍ 167 ന്.
99-1 എന്ന ശക്തമായ നിലയില്‍ നിന്നാണ് ബംഗ്ലാദേശ് തോല്‍വിയുടെ പടുകുഴിയിലേക്ക് വീണത്. 61 പന്തില്‍ 62 റണ്‍സ് നേടിയ തന്‍സിദ് ഹസനും 26 പന്തില്‍ 23 റണ്‍സ് നേടിയ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും ചേര്‍ന്ന് ബംഗ്ലാദേശിന്റെ തുടക്കം സുരക്ഷിതമാക്കിയതാണ്. എന്നാല്‍ പിന്നീട് കണ്ടത് ബംഗ്ലാ ആരാധകരെ നാണംകെടുത്തുന്ന വിധമുള്ള കൂട്ടത്തകര്‍ച്ച !
17-ാം ഓവറിലെ മൂന്നാം പന്തില്‍ നജ്മുല്‍ ഹുസൈന്‍ റണ്‍ഔട്ട് ആയി. പിന്നീടങ്ങോട്ട് ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു ബംഗ്ലാദേശ്. 99-1 എന്ന നിലയില്‍ നില്‍ക്കുകയായിരുന്ന ടീം 105-8 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞു. ആറ് റണ്‍സിനിടെ ബംഗ്ലാദേശിനു നഷ്ടമായത് ഏഴ് വിക്കറ്റുകള്‍.
ലിറ്റണ്‍ ദാസ് (പൂജ്യം), തന്‍സിദ് ഹസന്‍ (62), തൗഹിദ് ഹ്രിദോയ് (ഒന്ന്), മെഹ്ദി ഹസന്‍ മിറാഷ് (പൂജ്യം), തന്‍സിം ഹസന്‍ സാക്കിബ് (ഒന്ന്), തസ്‌കിന്‍ അഹമ്മദ് (ഒന്ന്) എന്നിവരാണ് നജ്മുല്‍ ഹുസൈനു പിന്നാലെ കൂടാരം കയറിയത്. 64 പന്തില്‍ 51 റണ്‍സ് നേടിയ ജേകര്‍ അലിയുടെ ചെറുത്തുനില്‍പ്പും ഫലംകണ്ടില്ല. ശ്രീലങ്കയ്ക്കായി വനിന്ദു ഹസരംഗ നാലും കമിന്ദു മെന്‍ഡിസ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. 123 പന്തില്‍ 106 റണ്‍സ് നേടിയ നായകന്‍ ചരിത് അസലങ്കയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍.