UAE Beats bangladesh history in sharjah
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടി20 മത്സരത്തില്‍ ബംഗ്ലാദേശിനെ 7 വിക്കറ്റിന് തകര്‍ത്ത് ചരിത്രനേട്ടം കുറിച്ച് യുഎഇ. ഇതാദ്യമായാണ് ബംഗ്ലാദേശിനെതിരെ ഒരു ടി20 പരമ്പര യുഎഇ സ്വന്തമാക്കുന്നത്. 3 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് വിജയിച്ചെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ വിജയിച്ചുകൊണ്ട് യുഎഇ ശക്തമായി തിരിച്ചുവന്നു.
മൂന്നാം മത്സരത്തില്‍ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അലീഷന്‍ ഷറഫുവിന്റെ 68 റണ്‍സിന്റെയും അസിഫ് ഖാന്റെ 41 റണ്‍സിന്റെയും ബലത്തിലാണ് വിജയിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ വിജയലക്ഷ്യം 7 വിക്കറ്റുകളും 5 പന്തുകളും ശേഷിക്കെയാണ് യുഎഇ മറികടന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ വെറും 7 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയ ഹൈദര്‍ അലിയാണ് തകര്‍ത്തെറിഞ്ഞത്. തന്‍സിദ് ഹസന്റെ 18 പന്തില്‍ നിന്നുള്ള 40 റണ്‍സും 34 പന്തില്‍ നിന്നും 41 റണ്‍സ് നേടിയ ജാക്കര്‍ അലിയുടെ പ്രകടനവുമാണ് ബംഗ്ലാദേശിന് ആശ്വാസമായത്. മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇക്ക് തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ആസിഫ് ഖാനും ഷറഫും ചേര്‍ന്നുള്ള 87 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുക്കെട്ട് വിജയം സമ്മാനിക്കുകയായിരുന്നു.