വിലക്കിന് ശേഷമുള്ള തിരിച്ചുവരവ് രാജകീയമാക്കിയ ഓസ്‌ട്രേലിയന്‍ താരം സ്‌റ്റീവ് സ്‌മിത്ത് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. ഐസിസി ടെസ്‌റ്റ് റാങ്കിംഗില്‍ വിരാടിന് ഭീഷണിയാകുകയാണ് ഓസീസ് താരം.
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സിലും നേടിയ സെഞ്ചുറിയാണ് പോയിന്റ് പട്ടികയില്‍ സ്‌മിത്തിനെ മുന്നിലേക്ക് എത്തിച്ചത്. 857 പോയിന്റുമായി പിന്നില്‍ നിന്ന താരം 903 പോയിന്റുമായി കുതിക്കുകയാണ്.
922 പോയിന്റ് മാത്രമാണ് കോഹ്‌ലിക്കുള്ളത്. ഇതോടെ റാങ്കിംഗ് പട്ടികയില്‍ വിരാട് - സ്‌മിത്ത് പോരാട്ടം തുടരുമെന്ന് ഉറപ്പായി. ആഷസ് പരമ്പര സ്‌മിത്തിന് നിര്‍ണായകമാകുമ്പോള്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ടെസ്‌റ്റ് മത്സരങ്ങള്‍ കോഹ്‌ലിക്കും നിര്‍ണായകമാണ്.
സ്‌മിത്തിന്റെ കുതിപ്പില്‍ ചേതേശ്വര്‍ പൂജാര നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 881 പോയിന്റ് മാത്രമാണ് ഇന്ത്യന്‍ താരത്തിനുള്ളത്. ആഷസില്‍ ഇതേ പ്രകടനം തുടര്‍ന്നാല്‍ സ്‌മിത്ത് കോഹ്‌ലിയെ മറികടക്കും. 913 പോയിന്റുമായി ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഹെന്റി നിക്കോള്‍സ് (778), ജോ റൂട്ട് (741), ഡേവിഡ് വാര്‍ണര്‍ (721) എന്നിവര്‍ അടുത്ത സ്ഥാനങ്ങളിലുണ്ട്.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ടീം റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതും ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തുമുണ്ട്. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് കിവികള്‍ ഇന്ത്യക്ക് പിന്നിലായത്.