'ഇന്ത്യയില്‍ അവരൊക്കെ വലിയ ദാദകളാണ്, വിദേശത്ത് പോയാല്‍ കഥ കഴിഞ്ഞു'; ദ്രാവിഡിനോട് രൂക്ഷമായി പ്രതികരിച്ച് ഗവാസ്‌കര്‍
ഗവാസ്‌കറിന്റെ വിമര്‍ശനങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുകയാണ് പരിശീലകന്‍ ദ്രാവിഡ് ചെയ്തത്
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ 209 റണ്‍സിന് ഓസ്‌ട്രേലിയയോട് തോറ്റതിനു പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരെയും ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. നാട്ടില്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളെല്ലാം ദാദകള്‍ ആണെന്നും എന്നാല്‍ വിദേശത്ത് കളിക്കാന്‍ പോകുമ്പോള്‍ മോശം പ്രകടനമാണ് സ്ഥിരമായി നടത്തുന്നതെന്നും സുനില്‍ ഗവാസ്‌കര്‍ വിമര്‍ശിച്ചു. എന്നാല്‍ ഗവാസ്‌കറിന്റെ വിമര്‍ശനങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുകയാണ് പരിശീലകന്‍ ദ്രാവിഡ് ചെയ്തത്. വിദേശത്ത് കളിക്കുമ്പോള്‍ എല്ലാ ടീമുകളിലേയും താരങ്ങളുടെ അവസ്ഥ ഇത് തന്നെയാണെന്ന് ദ്രാവിഡ് പറഞ്ഞു.
' മറ്റ് ടീമിലെ താരങ്ങളുടെ ശരാശരിയെ കുറിച്ചല്ല നമ്മള്‍ സംസാരിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്നത് ഇന്ത്യന്‍ ടീമിനെ കുറിച്ചാണ്. ഇന്ത്യന്‍ താരങ്ങളുടെ ശരാശരി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്തെങ്കിലും ഇപ്പോള്‍ തന്നെ ചെയ്യണം. വിദേശത്ത് പോകുമ്പോള്‍ എല്ലാം ഇന്ത്യന്‍ താരങ്ങളുടെയും ശരാശരി കുറയുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഗൗരവമായി കാണേണ്ട വിഷമാണ് ഇത്. ഇന്ത്യയില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഇവരെല്ലാം ദാദകളാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇവര്‍ വളരെ നന്നായി കളിക്കുന്നു. എന്നാല്‍ വിദേശത്ത് പോകുമ്പോള്‍ ചിലര്‍ വല്ലാതെ തളരുന്നു. എല്ലാവരും അല്ല, ചിലര്‍ മാത്രം,' ഗവാസ്‌കര്‍ പറഞ്ഞു.
' എന്തുകൊണ്ടാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ഇങ്ങനെ സംഭവിക്കുന്നത്. ആവശ്യമായ പരിശീലനം അവര്‍ക്ക് ലഭിക്കുന്നില്ലേ? എവിടെയാണ് മെച്ചപ്പെടേണ്ടത് എന്നതിനെ കുറിച്ച് വിശകലനമൊന്നും നടക്കുന്നില്ലേ? സത്യസന്ധമായ വിലയിരുത്തല്‍ ആവശ്യമാണ്,' ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.