ചുമ്മാ ഹോട്ടലില്‍ ഇരുന്നിട്ട് കാര്യമില്ല, നിങ്ങള്‍ വന്നത് ക്രിക്കറ്റ് കളിക്കാനാണ്; ഇന്ത്യയെ നിര്‍ത്തിപ്പൊരിച്ച് ഗാവസ്‌കര്‍
24 മണിക്കൂറും പരിശീലനം വേണമെന്നല്ല. നിങ്ങള്‍ക്ക് ദിവസത്തില്‍ ഒരു സെഷന്‍, അത് രാവിലെയോ വൈകീട്ടോ ആകാം
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയോടു പത്ത് വിക്കറ്റിനു തോറ്റ ഇന്ത്യന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. കൃത്യമായ പരിശീലനം ഇല്ലാതെ തോല്‍വിയില്‍ നിന്ന് തിരിച്ചെത്താന്‍ സാധിക്കില്ലെന്ന് ഗാവസ്‌കര്‍ പറഞ്ഞു. അഡ്‌ലെയ്ഡ് ടെസ്റ്റ് രണ്ടര ദിവസം കൊണ്ട് കഴിഞ്ഞു. ശേഷിക്കുന്ന ദിവസങ്ങള്‍ വെറുതെ ഹോട്ടല്‍ മുറിയില്‍ ഇരിക്കാതെ ആവശ്യമായ പരിശീലനം നടത്താന്‍ മുതിര്‍ന്ന താരങ്ങളടക്കം തയ്യാറാകണമെന്ന് ഗാവസ്‌കര്‍ ആവശ്യപ്പെട്ടു.
' ഈ പരമ്പരയുടെ വിധി നിര്‍ണയിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ കൂടി ഇനി ശേഷിക്കുന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ ഇന്ത്യന്‍ ടീം കൃത്യമായ പരിശീലനം നടത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ ഇരിക്കാനോ മറ്റെവിടെയെങ്കിലും പോകാനോ അല്ല, നിങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത് ക്രിക്കറ്റ് കളിക്കാനാണ്,' ഗാവസ്‌കര്‍ പറഞ്ഞു.
' 24 മണിക്കൂറും പരിശീലനം വേണമെന്നല്ല. നിങ്ങള്‍ക്ക് ദിവസത്തില്‍ ഒരു സെഷന്‍, അത് രാവിലെയോ വൈകീട്ടോ ആകാം, നിര്‍ബന്ധമായും പരിശീലനത്തില്‍ ഏര്‍പ്പെടണം. അത് വളരെ പ്രധാനപ്പെട്ടതാണ്. ഈ ദിവസങ്ങള്‍ പാഴാക്കരുത്. വേണമെങ്കില്‍ പരിശീലനം നടത്തിയാല്‍ മതിയെന്ന ഓപ്ഷന്‍ കളിക്കാര്‍ക്കു മുന്നില്‍ വയ്ക്കരുത്. അങ്ങനെയൊരു ഓപ്ഷന്‍ നല്‍കിയാല്‍ പരിശീലനത്തിനു പോകാതെ ഹോട്ടല്‍ മുറിയില്‍ തന്നെ ഇരിക്കാന്‍ പലരും തീരുമാനിക്കും. അതല്ല ക്രിക്കറ്റിനു ആവശ്യം,' ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.