ഇന്ത്യൻ ഇതിഹാസം എം എസ് ധോണിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ധോണിയുണ്ടാവുമോ എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗവാസ്‌കര്‍. ധോണിയുടെ നീണ്ട അവധിയെടുക്കലിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് ഗവാസ്കർ.
കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഇത്രയും കാലം ഒരു താരത്തിന് ടീമില്‍ നിന്ന് പുറത്ത് നില്‍ക്കാന്‍ സാധിക്കുമോയെന്നാണ് ഗവാസ്‌കര്‍ വിമര്‍ശനമുന്നയിച്ചത്.
”ധോണിയുടെ കായികക്ഷമതയെ കുറിച്ച് എനിക്കൊന്നുമറിയില്ല. എന്നാന്‍ ഒരു താരത്തിന് എങ്ങനെയാണ് ഇത്രയും കാലം ദേശീയ ടീമില്‍ നിന്ന് പുറത്തുനില്‍ക്കാനാവുക..? എന്തുകൊണ്ട് ടീമില്‍ നിന്ന നീണ്ട അവധിയെടുത്തുവെന്നുള്ള കാര്യത്തിന് ധോണി തന്നെ ഉത്തരം പറയണം.” ഗവാസ്‌കര്‍ പറഞ്ഞുനിര്‍ത്തി.
ലോകകപ്പ് തോൽവിക്ക് ശേഷം ധോണി നീണ്ട അവധിയിലാണ്. ധോണി ഏകദിനത്തില്‍ നിന്ന് വിരമിച്ചേക്കുമെന്ന് പരിശീലകൻ രവി ശാസ്ത്രി അടുത്തിടെ പറഞ്ഞിരുന്നു. അതേസമയം, ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി ഫൈനലിൽ തന്റെ റൺ ഔട്ടിനെ കുറിച്ച് ഇതാദ്യമായി എംഎസ് ധോണി പ്രതികരിച്ചു. ‘ഞാൻ എന്നോട് തന്നെ പറയാറുണ്ടായിരുന്നു, എന്തുകൊണ്ടാണ് ഞാൻ ഡൈവ് ചെയ്യാത്തത്. ഡൈവ് ചെയ്തിരുന്നേൽ ആ രണ്ട് ഇഞ്ചുകൾ എത്തിപിടിക്കമായിരുന്നു‘ എന്നാണ് ധോണി പറയുന്നത്.