Pakistan Cricket Team: പാക്കിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ
ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഓരോന്നിലും ഇന്ത്യയും യുഎസ്എയും ജയിച്ചാല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ 8 സ്റ്റേജ് കാണാതെ പുറത്താകും
Publish Date: Tue, 11 Jun 2024 (10:16 IST)
Updated Date: Tue, 11 Jun 2024 (10:18 IST)
Pakistan Cricket Team: ട്വന്റി 20 ലോകകപ്പില്‍ ജീവന്‍ മരണ പോരാട്ടത്തിനാണ് പാക്കിസ്ഥാന്‍ ഇന്ന് ഇറങ്ങുന്നത്. കാനഡയാണ് പാക്കിസ്ഥാന്റെ എതിരാളികള്‍. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടിലും തോറ്റ് ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. യുഎസ്എയോടും ഇന്ത്യയോടുമാണ് പാക്കിസ്ഥാന്‍ തോല്‍വി വഴങ്ങിയത്. ശേഷിക്കുന്ന മത്സരങ്ങളില്‍ കാനഡയും അയര്‍ലന്‍ഡുമാണ് പാക്കിസ്ഥാന്റെ എതിരാളികള്‍.
ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് വീതം ടീമുകളാണ് സൂപ്പര്‍ 8 സ്റ്റേജിലേക്ക് കയറുക. നിലവില്‍ രണ്ട് വീതം ജയവുമായി ഇന്ത്യയും യുഎസ്എയുമാണ് ഗ്രൂപ്പ് എയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. കാനഡ, പാക്കിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരെയാണ് യുഎസ്എ ജയം സ്വന്തമാക്കിയത്. അയര്‍ലന്‍ഡിനും ഇന്ത്യക്കുമെതിരെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍. ഇന്ത്യക്ക് യുഎസ്എ, കാനഡ എന്നിവര്‍ക്കെതിരെയാണ് ഇനിയുള്ള മത്സരങ്ങള്‍.
ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഓരോന്നിലും ഇന്ത്യയും യുഎസ്എയും ജയിച്ചാല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ 8 സ്റ്റേജ് കാണാതെ പുറത്താകും. ഇന്ന് കാനഡയ്‌ക്കെതിരെ തോറ്റാലും പാക്കിസ്ഥാന്‍ പുറത്ത് തന്നെ. സൂപ്പര്‍ 8 ലേക്ക് കടക്കാനുള്ള പാക്കിസ്ഥാന്റെ ഒരുവിധം സാധ്യതകളും ഇതിനോടകം അടഞ്ഞു കഴിഞ്ഞു. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ യുഎസ്എ തോല്‍ക്കുകയും പാക്കിസ്ഥാന്‍ അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ വന്‍ മാര്‍ജിനില്‍ ജയിക്കുകയും ചെയ്താല്‍ മാത്രമേ പാക്കിസ്ഥാന് ഇനി സാധ്യതയുള്ളൂ.