ടി20 ക്രിക്കറ്റിലെ അനിഷേധ്യമായ സാന്നിധ്യമാണെങ്കിലും ഏകദിനത്തിൽ സമ്പൂർണ്ണ പരാജയമാണ് ഇന്ത്യയുടെ പുതിയ ബാറ്റിംഗ് സെൻസേഷനായ സൂര്യകുമാർ യാദവ്. ഓസീസിനെതിരെ നടക്കുന്ന ഏകദിനപരമ്പരയിലെ 2 മത്സരത്തിലും താരം ഗോൾഡൻ ഡക്കായാണ് പുറത്തായത്. താരം തുടരെ പരാജയപ്പെടുമ്പോൾ മധ്യനിരയിൽ മികച്ച റെക്കോർഡുള്ള സഞ്ജു സാംസണെ ഏകദിനത്തിൽ പരിഗണിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. എന്നാൽ സൂര്യയ്ക്ക് തന്നെ ടീം കൂടുതൽ അവസരം നൽകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ.
ശ്രേയസ് അയ്യർ എപ്പോൾ തിരിച്ചെത്തുമെന്ന് അറിയില്ല. അതിനാൽ നാലാം നമ്പറിൽ ഒഴിവ് വന്നപ്പോൾ ലഭ്യമായ താരമെന്ന നിലയിലാണ് സൂര്യയെ കളിപ്പിച്ചത്. പരിമിത ഓവർ ക്രിക്കറ്റിൽ മികവ് തെളിയിച്ച താരമാണ് സൂര്യ. വലിയ റൺസ് നേടാൻ അവന് സാധിക്കും. വലിയ കരിയർ സൃഷ്ടിക്കാൻ അധികം റൺസ് നേടേണ്ടതുണ്ടെന്ന് അവനും അറിയാം. രണ്ട് മത്സരത്തിൽ ഫ്ളോപ്പായാലും അവരെ അത് ബാധിക്കില്ല.
കഴിഞ്ഞ 2 മത്സരങ്ങളിൽ അവൻ പൂജ്യത്തിനാണ് പുറത്തായത്. എന്നാൽ 7-8 മത്സരങ്ങളിലൊന്നും ഇത്തരത്തിൽ സംഭവിച്ചിട്ടില്ല. അതിനാൽ തന്നെ ഈ പ്രകടനങ്ങളൊന്നും അവനെ അസ്വസ്ഥനാക്കില്ല. ആർക്കെങ്കിലും പരിക്കേറ്റാൽ നാലാം നമ്പറിൽ സൂര്യയെത്തും നിലവിൽ റൺസ് കണ്ടെത്തുന്നില്ലെങ്കിലും അവനെ മാറ്റുന്നതിനെ പറ്റി ചിന്തിക്കുന്നില്ല. ടി20യിലെ മികവ് ഏകദിനത്തിലും പുലർത്താൻ അവന് സാധിക്കും. രോഹിത് പറഞ്ഞു.