ട്വന്റി 20 യിലെ ഗോട്ട് ആണ് സൂര്യ; ഏകദിനം കളിപ്പിച്ച് കരിയര്‍ നശിപ്പിക്കരുത് !
ഇതുവരെ 35 ഏകദിന ഇന്നിങ്‌സുകള്‍ സൂര്യ കളിച്ചു. ആകെ നേടാനായത് 25.77 ശരാശരിയില്‍ 773 റണ്‍സ് മാത്രം
ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യയെന്നല്ല ലോക ക്രിക്കറ്റ് തന്നെ കണ്ട ഏറ്റവും മികച്ച ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. ട്വന്റി 20 ഫോര്‍മാറ്റിനു വേണ്ടി ജനിച്ച ക്രിക്കറ്ററെന്നാണ് സൂര്യയെ ഇന്ത്യക്ക് പുറത്തുള്ള ആരാധകരും വിശേഷിപ്പിക്കുന്നത്. അങ്ങനെയൊരു താരത്തെ ഇനിയും ഏകദിനത്തില്‍ പരീക്ഷിച്ചു കരിയര്‍ നശിപ്പിക്കരുതെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ അഭിപ്രായപ്പെടുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ സെഞ്ചുറി നേടിയതിനു പിന്നാലെയാണ് സൂര്യയെ പ്രശംസിച്ചും ബിസിസിഐയ്ക്ക് ഉപദേശം നല്‍കിയും ആരാധകര്‍ രംഗത്തെത്തിയത്.
ഇതുവരെ 35 ഏകദിന ഇന്നിങ്‌സുകള്‍ സൂര്യ കളിച്ചു. ആകെ നേടാനായത് 25.77 ശരാശരിയില്‍ 773 റണ്‍സ് മാത്രം. ഏകദിനത്തില്‍ നാല് അര്‍ധ സെഞ്ചുറികള്‍ നേടിയ സൂര്യയുടെ സ്‌ട്രൈക് റേറ്റ് 105.03 മാത്രമാണ്. ലോകകപ്പില്‍ അടക്കം സൂര്യയെ ഏകദിന ഫോര്‍മാറ്റില്‍ പരീക്ഷിച്ചതിനെതിരെ നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സൂര്യക്ക് ഏകദിനവും ടെസ്റ്റും വഴങ്ങില്ലെന്നും മികച്ച പ്രകടനം നടത്തുന്ന ട്വന്റി 20 ഫോര്‍മാറ്റില്‍ മാത്രം ഇനി അവസരങ്ങള്‍ നല്‍കിയാല്‍ മതിയെന്നുമാണ് ആരാധകരുടെ അഭിപ്രായം.
ട്വന്റി 20 ഫോര്‍മാറ്റില്‍ സൂര്യയുടെ പ്രകടനം ആരെയും അതിശയിപ്പിക്കുന്നതാണ്. 57 ഇന്നിങ്‌സുകളില്‍ നിന്ന് 45.55 ശരാശരിയില്‍ അടിച്ചുകൂട്ടിയത് 2141 റണ്‍സ്. പത്ത് ഇന്നിങ്‌സുകളില്‍ പുറത്താകാതെ നിന്നു. സ്‌ട്രൈക് റേറ്റ് ആകട്ടെ 171.55 ആണ് ! നാല് സെഞ്ചുറികളും 17 അര്‍ധ സെഞ്ചുറികളും ട്വന്റി 20 ഫോര്‍മാറ്റില്‍ സൂര്യ നേടിയിട്ടുണ്ട്. അടുത്ത ട്വന്റി 20 ലോകകപ്പിനു മുന്നോടിയായി സൂര്യകുമാര്‍ യാദവിനെ ടി 20 ഫോര്‍മാറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിക്കുകയാണ് ബിസിസിഐ ചെയ്യേണ്ടത്. മറ്റ് ഫോര്‍മാറ്റുകളിലേക്ക് ബലമായി തള്ളിയിട്ട് സൂര്യയുടെ ആത്മവിശ്വാസം തകര്‍ക്കരുതെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.