ടി20 ലോകകപ്പിൻ്റെ ആവേശകാഴ്ചകളിലേക്ക് ലോകം ചുരുങ്ങുകയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒക്ടോബർ 23ന് ഏറ്റുമുട്ടുന്നതോടെ ഇന്ത്യയും പൂർണമായും ലോകകപ്പ് ആവേശത്തിലാകും. ഇത്തവണയും നിരവധി റെക്കോർഡുകൾ ലോകകപ്പിൽ പിറന്നേക്കും. ഈ സാഹചര്യത്തിൽ ടി20 ലോകകപ്പിൽ ഇന്ത്യൻ താരങ്ങളുടെ പേരിലുള്ള റെക്കോർഡുകളെ പറ്റി അറിയാം.
 
									
			
			 
 			
 
 			
					
			        							
								
																	
	 
	ടി20 ക്രിക്കറ്റിലെ അതിവേഗ ഫിഫ്റ്റി എന്ന റെക്കോർഡ് ഇന്ത്യൻ താരം യുവരാജ് സിങ്ങിൻ്റെ പേരിലാണ്. ഈ റെക്കോർഡ് ഒരിക്കൽ പോലും തകർക്കപ്പെടില്ലെന്ന് കരുതുന്നവരും നിരവധിയാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 12 പന്തിലാണ് യുവിയുടെ അർധസെഞ്ചുറി.  ഏറ്റവും കൂടുതൽ ടി20 ലോകകപ്പുകളിൽ നയിച്ച നായകനെന്ന റെക്കോർഡ് ഇന്ത്യയുടെ എം എസ് ധോനിയുടെ പേരിലാണ്. 2007,09,10,12,14,16 ലോകകപ്പുകളിലാണ് ധോനി ഇന്ത്യയെ നയിച്ചത്. അഞ്ച് തവണ ടീമിനെ നയിച്ച വില്യം പോർട്ടർഫീൽഡാണ് പട്ടികയിൽ രണ്ടാമതുള്ളത്.
 
									
										
								
																	
	 
	ഒരു ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെന്ന നേട്ടവും ഒരു ഇന്ത്യൻ താരത്തിൻ്റെ പേരിലാണ്. 2014ലെ ടി20 ലോകകപ്പിൽ 319 റൺസ് നേടിയ വിരാട് കോലിയുടെ പേരിലാണ് ഈ റെക്കോർഡ്. ഒരുപക്ഷേ ഈ ലോകകപ്പിൽ തകരാൻ സാധ്യതയുള്ളതാണ് ഈ നേട്ടം. ഏറ്റവും കൂടുതൽ ടി20 ലോകകപ്പുകളിൽ മാൻ ഓഫ് ദ ടൂർണമെൻ്റ് എന്ന നേട്ടവും കോലിയുടെ പേരിലാണ്. 2 തവണയാണ് ഈ നേട്ടം കോലി സ്വന്തമാക്കിയത്. ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ ബാറ്റിങ് ശരാശരിയെന്ന നേട്ടവും കോലിയുടെ പേരിലാണ്. 76.81 ആണ് ലോകകപ്പിലെ കോലിയുടെ ബാറ്റിങ് ശരാശരി.