ബംഗ്ലദേശ് ഏകദിന നായകൻ തമീം ഇഖ്ബാൽ രാജ്യാന്തര ടി20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. വിൻഡീസിനെതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയതിന് പിന്നാലെയാണ് തമീമിൻ്റെ പ്രഖ്യാപനം. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി കണക്കാക്കുക. എല്ലാവർക്കും നന്ദി. തമീം ഫേസ്ബുക്കിൽ കുറിച്ചു.
ബംഗ്ലാദേശിനായി 78 രാജ്യാന്തര ടി20 മത്സരങ്ങളാണ് 33കാരനായ തമീം ഇഖ്ബാൽ കളിച്ചിട്ടുള്ളത്. 24.08 ശരാശരിയിൽ 1758 റൺസാണ് താരം നേടിയിട്ടുള്ളത്. ഒരു സെഞ്ചുറിയും 7 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 103 റൺസാണ് ഉയർന്ന സ്കോർ. 2007ൽ കെനിയക്കെതിരെയായിരുന്നു രാജ്യാന്തര ടി20യിൽ തമീമിൻ്റെ അരങ്ങേറ്റം. കഴിഞ്ഞ വർഷം സിംബാബ്‌വേക്കെതിരെ അവസാന ടി20 മത്സരം കളിച്ചു. രാജ്യാന്തര റ്റി20യിൽ സെഞ്ചുറി നേടിയ ഏക ബംഗ്ലാദേശ് ബാറ്ററും ടി20 ഫോർമാറ്റിലെ ബംഗ്ലാദേശിൻ്റെ മൂന്നാമത്തെ ഉയർന്ന റൺവേട്ടക്കാരനുമാണ് തമീം ഇഖ്ബാൽ..
ടെസ്റ്റിൽ 69 മത്സരങ്ങളിൽ നിന്ന് 10 സെഞ്ചുറികളും ഒരു ഇരട്ടസെഞ്ചുറിയുമടക്കം 5082 റൺസ് തമീമിൻ്റെ പേരിലുണ്ട്. 228 ഏകദിനങ്ങളിൽ നിന്ന് 14 ശതകങ്ങളോടെ 7943 റൺസും തമീം ഇഖ്ബാൽ സ്വന്തമാക്കിയിട്ടുണ്ട്.