Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഹിത്തിന്റെ നിര്‍ദേശത്തിന് പൊന്നുംവില; ധോണിയുടെ വിലയറിഞ്ഞ ഹാമില്‍‌ട്ടന്‍ ഏകദിനം

രോഹിത്തിന്റെ നിര്‍ദേശത്തിന് പൊന്നുംവില; ധോണിയുടെ വിലയറിഞ്ഞ ഹാമില്‍‌ട്ടന്‍ ഏകദിനം
, വ്യാഴം, 31 ജനുവരി 2019 (16:33 IST)
2012, 2013 വര്‍ഷങ്ങള്‍ ഇന്ത്യന്‍ ടീമിലെ സൂപ്പര്‍താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മ്മയുടെയും തലവര മാറ്റിമറിച്ച വര്‍ഷങ്ങളായിരുന്നു. ഇരുവരും ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് എത്തുന്നതിനു മുമ്പുള്ള കാലം. കോഹ്‌ലിയെ ടീമില്‍ പുറത്താക്കാന്‍ സെലക്‍ടര്‍മാര്‍ ആലോചിച്ച വര്‍ഷമായിരുന്നു 2012. മധ്യനിരയില്‍ കളിച്ച രോഹിത്തിനെ ഇന്നത്തെ ഹിറ്റ്‌മാനാക്കിയ വര്‍ഷമായിരുന്നു 2013.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കോഹ്‌ലി വേണ്ടെന്നും പകരം രോഹിത് മതിയെന്നുമായിരുന്നു സെലക്‍ടര്‍മാരുടെ കടുത്ത തീരുമാനം. ടീമില്‍ നിന്നും പുറത്തായാല്‍ വിരാട് മടങ്ങിയെത്തുന്ന കാര്യം സംശയമായ നിമിഷം. എന്നാല്‍, തനിക്കൊപ്പം വിരാട് വേണമെന്ന മഹേന്ദ്ര സിംഗ് ധോണിയുടെ നിര്‍ബന്ധം സെലക്‍ടര്‍മാരെ മാറ്റി ചിന്തിപ്പിച്ചു. ടീമിലും മാനേജ്‌മെന്റിലും അതിശക്തനായ ധോണിക്ക് മുമ്പില്‍ സെലക്‍ടര്‍മാര്‍ വഴങ്ങിക്കൊടുത്തു. പെര്‍ത്ത് ടെസ്‌റ്റിലെ കോഹ്‌ലിയുടെ മാസ്‌മരിക പ്രകടനം മഹിയുടെ തീരുമാനം ശരിവയ്‌ക്കുകയും ചെയ്‌തു.

സെലക്‍ടര്‍മാരുടെ കണ്ണില്‍ പോലും പെടാതെയായിരുന്നു 2013ന് മുമ്പുവരെയുള്ള രോഹിത്തിന്റെ ടീമിലെ സ്ഥാനം. മധ്യനിരയിലിറങ്ങിയിരുന്ന രോഹിതിന് തന്റേതായ ഇടം ഉണ്ടാക്കിക്കൊടുത്തതും ധോണി തന്നെ. ആരും കൊതിക്കുന്ന ഓപ്പണറുടെ സ്ഥാനം നല്‍കി രോഹിത്തിനെ ഇന്നത്തെ വെടിക്കെട്ട് താരമാക്കിയത് ധോണിയാണ്.   

ഇങ്ങനെയാണ് ധോണിയുമായി ടീമിലെ എല്ലാ താരങ്ങള്‍ക്കുമുള്ള അടുപ്പം. ക്യാപ്‌റ്റന്‍ സ്ഥാനമില്ലെങ്കിലും ഡ്രസിംഗ് റൂമിലും ഗ്രൌണ്ടിലും മഹി ഒന്നാമനായി തുടരുന്നത് ഇങ്ങനെയുള്ള നിര്‍ണായക ഇടപെടലുകളിലൂടെയായിരുന്നു. കാര്യങ്ങള്‍ മുന്‍‌കൂട്ടി കാണാനും വിജയകരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനുമുള്ള ധോണിയുടെ മികവാണ് കോഹ്‌ലിയേയും രോഹിത്തിനെയും ധോണിയിലേക്ക് അടുപ്പിക്കുന്നത്.

ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ വന്‍ പരാജയം നേരിട്ടപ്പോള്‍ കടുത്ത വിമര്‍ശകര്‍ പോലും ധോണി ടീമിനൊപ്പം ഉണ്ടായിരുന്നുവെങ്കിലെന്ന് ആശിച്ചു. ട്രെന്റ് ബോള്‍ട്ടിന്റെ പന്തുകള്‍ക്ക് മുമ്പില്‍ ശിഖര്‍ ധവാനടക്കമുള്ള  താരങ്ങള്‍ പുറത്തായതോടെ 2000ല്‍ ഷാര്‍ജയില്‍ ശ്രീലങ്കക്കെതിരെ 54 റണ്‍സിന് ഓള്‍ ഔട്ടായ ചരിത്രം ഇന്ത്യ ആവര്‍ത്തിക്കുമോ എന്ന് ആരാധകര്‍ ഭയന്നു.

ഇതോടെയാണ് ധോണിയുടെ അഭാവം ചോദ്യ ചിഹ്‌നമായത്. മധ്യനിരയുടെ ബലഹീനത തുറന്നു കാട്ടിയ മത്സരമായിരുന്നു കഴിഞ്ഞത്. ശുഭ്‌മാന്‍ ഗില്‍ മാത്രമാണ് മുന്‍‌നിരയില്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമം നടത്തിയത്. നാല്, അഞ്ച്, ആറ് സ്ഥാനങ്ങള്‍ ഇന്നും അപകടകരമാണെന്ന് ഇന്നത്തെ മത്സരത്തോടെ വ്യക്തമായി.

നാലാം നമ്പറില്‍ ധോണി വേണമെന്ന വാശിയുള്ളയാളാണ് രോഹിത്. മധ്യനിര ശക്തിപ്പെടുത്താന്‍ ഈ നീക്കത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ട്. അല്ലെങ്കില്‍ തിരിച്ചടിക്ക് സാധ്യത കൂടുതലാണെന്ന് പരിശീലകന്‍ രവി ശാസ്‌ത്രിയേയും കോഹ്‌ലിയേയും ഹിറ്റ്‌മാന്‍ മുമ്പ് ധരിപ്പിച്ചിട്ടുമുണ്ട്.

രോഹിത്തിന്റെ ഈ ആശങ്ക ഭയക്കേണ്ടതാണെന്ന് ഹാമില്‍‌ട്ടന്‍ ഏകദിനത്തില്‍ നിന്ന് വ്യക്തമായി. ധോണിക്ക് പകരം നാലാം നമ്പറില്‍ എത്തിയ അമ്പാട്ടി റായുഡു പരാജയമാകുന്നത് വീണ്ടും കണ്ടു. അത്യാവശ്യ ഘട്ടങ്ങളില്‍ പോലും അനാവശ്യ ഷോട്ട് കളിക്കുന്ന റായുഡു നാലാം നമ്പറിന് അര്‍ഹമല്ലെന്ന് വീണ്ടും വ്യക്തമായി.

വിക്കറ്റ് കൊഴിയുമ്പോള്‍ ക്രീസില്‍ പിടിച്ചു നില്‍ക്കുന്ന ധോണിയുടെ സാന്നിധ്യം ടീമിന് നല്‍കുന്ന ആത്മവിശ്വാസം  ചെറുതല്ല. ഈ ആത്മധൈര്യമാണ് ഇന്ത്യന്‍ ടീമിന് ആവശ്യം. പരുക്ക് മാറി ഇന്ന് ധോണി കളിച്ചിരുന്നുവെങ്കില്‍ ഇന്ത്യയുടെ നില ഇതിലും ഭദ്രമാകുമായിരുന്നുവെന്നാണ് വിലയിരുത്തല്‍. ക്യാപ്‌റ്റന്‍ സ്ഥാനത്ത് ധോണിക്ക് പകരം വിരാട് എത്തിയെങ്കിലും ധോണിക്ക് ശേഷമുള്ള കാലം ഇന്ത്യക്ക് ആശങ്കയുണ്ടാക്കുമെന്ന് വ്യക്തമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിയുടെ വിലയറിഞ്ഞ നിമിഷം; രോഹിത്തിനെ നാണം കെടുത്തിയ തോല്‍‌വിയുടെ കാരണങ്ങള്‍ ഇത്