Sanju Samson: ഏഷ്യാകപ്പില്‍ റാഷിദ് ഖാന്റെ വെല്ലുവിളി നേരിടാന്‍ അവനോളം പറ്റിയൊരു താരമില്ല, സഞ്ജുവിനെ പറ്റി മുഹമ്മദ് കൈഫ്
ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായതോടെ സഞ്ജുവിന്റെ ടീമിലെ സ്ഥാനം തന്നെ ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് മുഹമ്മദ് കൈഫിന്റെ പ്രതികരണം.
ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീമിലെ ഓപ്പണര്‍മാര്‍ ആരാകുമെന്ന ചര്‍ച്ചയും ആരാകണം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന ചര്‍ച്ചയും നടക്കുന്നതിനിടെ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സഞ്ജു സാംസണിനെ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്. ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായതോടെ സഞ്ജുവിന്റെ ടീമിലെ സ്ഥാനം തന്നെ ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് മുഹമ്മദ് കൈഫിന്റെ പ്രതികരണം.
സഞ്ജുവിനെയും ഗില്ലിനെയും ഒരുമിച്ച് പ്ലെയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്നും അതിന് ആവശ്യമെങ്കില്‍ ടി20 റാങ്കിങ്ങില്‍ രണ്ടാമതുള്ള തിലക് വര്‍മയെ ടീമില്‍ നിന്നും ഒഴിവാക്കി സഞ്ജുവിന് മൂന്നാം സ്ഥാനം നല്‍കണമെന്നുമാണ് കൈഫ് ആവശ്യപ്പെടുന്നത്. അഭിഷേകും ഗില്ലുമാകും ഏഷ്യാകപ്പില്‍ ഓപ്പണര്‍മാരാവുക. മൂന്നാം നമ്പറില്‍ തിലകിന് പകരം സഞ്ജുവിന് അവസരം നല്‍കണം. തിലക് ചെറുപ്പമാണ് ഇനിയും അവസരങ്ങള്‍ മുന്നിലുണ്ട്. സഞ്ജുവാകട്ടെ പരിചയസമ്പന്നനായ താരമാണ്. വരാനിരിക്കുന്ന ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്ന താരമാണ് സഞ്ജു. കൈഫ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
അതേസമയം ഏഷ്യാകപ്പിലെ മികച്ച ബൗളര്‍മാരില്‍ ഒരാളായ റാഷിദ് ഖാനെ നേരിടാന്‍ സഞ്ജുവിനേക്കാള്‍ മികച്ചൊരു കളിക്കാരന്‍ ഇന്ത്യന്‍ ടീമിലില്ലെന്നും ദക്ഷിണാഫ്രിക്കയിലെ ബുദ്ധിമുട്ടേറിയ പിച്ചില്‍ ഓപ്പണറായി ഇറങ്ങി 2 സെഞ്ചുറികള്‍ അടിച്ച താരമാണ് സഞ്ജുവെന്നും കൈഫ് പറഞ്ഞു.കേരള ക്രിക്കറ്റ് ലീഗിലെ സഞ്ജുവിന്റെ മികച്ച ഫോമിനെയും കൈഫ് വീഡിയോയില്‍ എടുത്തുപറയുന്നുണ്ട്.