ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്ത് മൂന്ന് വമ്പന്‍ റെക്കോര്‍ഡുകള്‍. 2013ന് ശേഷം ആദ്യമായൊരു ഐസിസി കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഫൈനല്‍ മത്സരത്തിനിറങ്ങുന്നത്. അതേസമയം 3 വമ്പന്‍ റെക്കോര്‍ഡുകളാണ് ഫൈനല്‍ മത്സരത്തില്‍ രോഹിത്തിനെ കാത്തിരിക്കുന്നത്.
ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ ഒരു ഇന്ത്യന്‍ നായകന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന നേട്ടം നിലവില്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ പേരിലാണ്. 2000ത്തില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 117 റണ്‍സെടുക്കാന്‍ ഗാംഗുലിക്ക് സാധിച്ചിരുന്നു. 23 വര്‍ഷമായും ഈ റെക്കോര്‍ഡ് ആരും മറികടന്നിട്ടില്ല. ഇത് മറികടക്കാന്‍ ഹിറ്റ്മാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 52 റണ്‍സിന് മുകളില്‍ നേടാനായാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒരു നായകന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം രോഹിത്തിന്റെ പേരിലാകും. 2021ല്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ നേടിയ റെക്കോര്‍ഡാണ് താരം മറികടക്കുക. അതേസമയം ഫൈനല്‍ മത്സരത്തില്‍ 3 സിക്‌സുകള്‍ നേടാനായാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച താരമെന്ന നേട്ടവും രോഹിത്തിന്റെ പേരിലാകും. നിലവില്‍ ഈ റെക്കോര്‍ഡ് ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിയുടെ പേരിലാണ്.