Tilak Varma: 'അന്ന് ഞാന്‍ പൂജ്യത്തിനു ഔട്ടായതാണേ'; സെഞ്ചുറിക്ക് പിന്നാലെ തിലക് വര്‍മ
സെഞ്ചൂറിയനില്‍ നടന്ന മൂന്നാം ട്വന്റി 20യിലും തിലക് സെഞ്ചുറി നേടിയിരുന്നു
Tilak Varma: മധ്യനിരയില്‍ തിലക് വര്‍മയെ പോലൊരു വെടിക്കെട്ട് ബാറ്റര്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ ട്വന്റി 20 ടീം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. പ്രത്യേകിച്ച് തിലക് ഇടംകൈയന്‍ ബാറ്റര്‍ കൂടിയായതിനാല്‍ ഇനിയങ്ങോട്ട് ഇന്ത്യയുടെ ട്വന്റി 20 പദ്ധതികളില്‍ സ്ഥിരം സാന്നിധ്യമാകുമെന്ന് ഉറപ്പായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയാണ് തിലക് തന്റെ പ്രാധാന്യം സെലക്ടര്‍മാര്‍ക്കും ടീമിനും മനസിലാക്കി കൊടുത്തത്. ജോബര്‍ഗില്‍ നടന്ന നാലാം ട്വന്റി 20 യില്‍ വെറും 47 പന്തുകളില്‍ നിന്നാണ് തിലക് പുറത്താകാതെ 120 റണ്‍സ് അടിച്ചുകൂട്ടിയത്. 10 സിക്‌സും ഒന്‍പത് ഫോറുകളും അടങ്ങിയ വെടിക്കെട്ട് ഇന്നിങ്‌സ്.
സെഞ്ചൂറിയനില്‍ നടന്ന മൂന്നാം ട്വന്റി 20യിലും തിലക് സെഞ്ചുറി നേടിയിരുന്നു. 56 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം തിലക് പുറത്താകാതെ നേടിയത് 107 റണ്‍സ്. ഒന്നാം ട്വന്റി 20 യില്‍ 18 പന്തില്‍ 33, രണ്ടാം ട്വന്റി 20 യില്‍ 20 പന്തില്‍ 20 എന്നിങ്ങനെയാണ് തിലകിന്റെ മറ്റു സ്‌കോറുകള്‍. നാല് ഇന്നിങ്‌സുകളില്‍ നിന്ന് 280 റണ്‍സ് നേടിയ തിലക് ആണ് പരമ്പരയിലെ താരം. അതേസമയം കഴിഞ്ഞ വര്‍ഷത്തെ ഗോള്‍ഡന്‍ ഡക്കിനുള്ള പ്രതികാരമാണ് ഈ പരമ്പരയിലെ മികച്ച പ്രകടനമെന്ന് തിലക് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14 ന് നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് തിലക് പൂജ്യത്തിനു പുറത്തായത്. ആ മത്സരം നടന്നതും ജോബര്‍ഗിലാണ്. അതേ ഗ്രൗണ്ടിലാണ് തിലക് ഇന്നലെ സെഞ്ചുറി നേടിയത്.
' ഒരു തമാശ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കഴിഞ്ഞ വര്‍ഷം ഞാന്‍ ഇവിടെ കളിച്ചപ്പോള്‍ ആദ്യ പന്തില്‍ തന്നെ പുറത്തായി. ഇന്നത്തെ മത്സരത്തിലേക്ക് വന്നാല്‍ ടീമിനും പരമ്പരയിലും ഏറെ പ്രാധാന്യമുള്ള ഇന്നിങ്‌സ് ആയിരുന്നു എന്റേത്. കഴിഞ്ഞ കളിയില്‍ എന്ത് ചെയ്‌തോ അത് ആവര്‍ത്തിക്കാനാണ് ഞാന്‍ ശ്രദ്ധിച്ചത്. വല്ലാത്തൊരു അനുഭവമാണ് ഇപ്പോള്‍ ഉള്ളത്, എനിക്കത് പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ല. ദക്ഷിണാഫ്രിക്കയിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുകയെന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുന്നില്ല. ഞങ്ങളുടെ ക്യാപ്റ്റന്‍ സൂര്യക്ക് ഒരുപാട് നന്ദി. കഴിഞ്ഞ മത്സരത്തിനു ശേഷം പറഞ്ഞതുപോലെ അവസാന ചില മത്സരങ്ങളില്‍ എനിക്ക് പരുക്കേറ്റിരുന്നു. ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചു. അതുകൊണ്ടാണ് സെഞ്ചുറിക്കു ശേഷം ഞാന്‍ അങ്ങനെ ആഘോഷിച്ചത്,' തിലക് പറഞ്ഞു.