വനിത സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന ആരോപണത്തിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഓസീസ് ടെസ്റ്റ് ടീം നായകൻ ടിം പെയ്‌ൻ നായകസ്ഥാനം രാജിവെച്ചു.
2017-ല്‍ ഗാബയില്‍ നടന്ന ആഷസ് ടെസ്റ്റിനിടെ ടിം പെയ്ന്‍ ഒരു വനിതാ സഹപ്രവര്‍ത്തകയ്ക്ക് തന്റെ മോശം ചിത്രവും അശ്ലീല സന്ദേശങ്ങളും അയച്ചുവെന്നാണ് ആരോപണം. ഹൊബാർട്ടിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പെയ്‌ൻ രാജിക്കാര്യം അറിയിച്ചത്. ആഷസ് പരമ്പരയ്ക്ക് ആഴ്‌ചകൾ മാത്രം ബാക്കിനിൽക്കെയാണ് പെയ്‌നിന്റെ രാജി.
ലൈംഗികാതിക്രമം ആരോപിച്ച് പെയ്‌നിനെതിരേ ഓസ്ട്രേലിയന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഓസീസ് ക്രിക്കറ്റിന് വലിയ നാണക്കേടുണ്ടാക്കിയ പന്തുചുരുണ്ടൽ വിവാദത്തിന് പിന്നാലെ 2018 മാര്‍ച്ചിലാണ് ഓസീസ് ടെസ്റ്റ് ടീമിന്റെ 46-ാമത്തെ ക്യാപ്റ്റനായി ടിം പെയ്ന്‍ നിയമിക്കപ്പെട്ടത്. പെയ്‌ൻ നായകസ്ഥാനം ഒഴിയുന്നതോടെ ടെസ്റ്റ് ടീം നായകനായി പാറ്റ് കമ്മിൻസ് നിയമിക്കപ്പെട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.