അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. ചിരവൈരികളായ പാകിസ്ഥാനെ 203 റൺസിന് തകര്‍ത്താണ് ഇന്ത്യയുടെ ചുണക്കുട്ടികൾ ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.
ക്രൈസ്റ്റ് ചർച്ചിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 272 റൺസെന്ന മികച്ച സ്കോർ നേടാനും ഇന്ത്യക്കായി. തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ വെറും 69 റൺന്‍ നേടിയപ്പോഴേക്കും എല്ലാവരും പുറത്താകുകയായിരുന്നു
സെഞ്ച്വറി നേടിയ ശുബ്മാൻ ഗില്ലിന്റെ മികവിലായിരുന്നു ഇന്ത്യ വന്‍ സ്കോർ പടുത്തുയര്‍ത്തിയത്. ഏഴു ബൗണ്ടറികള്‍ ഉള്‍പ്പെടെ 94 പന്തിൽ 102 റൺസെടുത്ത ഗിൽ പുറത്താകാതെ നിന്നു. മഞ്ജോത് കൈറ (59 പന്തിൽ 47), പൃഥ്വി ഷാ (42 പന്തിൽ 41), എ എസ് റോയ് (45 പന്തിൽ 33) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി.
ഓപ്പണിംഗ് കൂട്ടുകെട്ടിൽ ഷായും കൈറയും ചേർന്ന് 89 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. എന്നാല്‍ 41 റൺസ് നേടിയ പൃഥ്വി ഷായെ റൺഔട്ടാക്കി മുഹമ്മദ് മൂസ ആ കൂട്ടുകെട്ട് പൊളിച്ചു. ഷായുടെ പിന്നാലെ 47 റൺസെടുത്ത കൈറയും പുറത്താകുകയായിരുന്നു.
എങ്കിലും പിന്നാതെ എത്തിയ ഗിൽ മികച്ച രീതിയിൽ ബാറ്റ് വീശി. അതോടെയാണ് ഇന്ത്യയുടെ സ്കോർ കുതിച്ചത്. റിയാൻ പരാഗ് (2), അഭിഷേക് ശർമ്മ (5), ശിവം മവി (10), നാഗർകോട്ടി(1),ശിവ സിംഗ് (1) എന്നിവർ പൊരുതാതെ കീഴടങ്ങിയതാണ് ഇന്ത്യയ്ക്ക് ഇതിലും വലിയ സ്കോർ നേടുന്നതിന് തടസ്സമായത്.