ഐപിഎൽ താരലേലത്തിൽ ആര്‍ക്കും വേണ്ടാത്ത താരങ്ങള്‍ ഇവരെല്ലാം
ഐപിഎൽ താരലേലത്തിൽ ആര്‍ക്കും വേണ്ടാത്ത താരങ്ങള്‍ ഇവരെല്ലാം
ഐപിഎൽ പതിനൊന്നാം സീസണിലെ താരലേലത്തിൽ ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‍സ് പൊന്നും വിലയുള്ള താരമായി മാറിയപ്പോള്‍ മുന്‍കാല സൂപ്പര്‍ താരങ്ങളെ ആര്‍ക്കും വേണ്ട.
താരലേലത്തിന്റെ ആദ്യ റൗണ്ടില്‍ ഒരു ടീമും വെസ്‌റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ താരമായ ക്രിസ് ഗെയിലിനെ സ്വന്തമാക്കാന്‍ നീക്കം നടത്തിയില്ല എന്നത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. രണ്ടുകോടിയായിരുന്നു ബംഗളൂരു താരമായിരുന്ന ഗെയിലിന്റെ അടിസ്ഥാനവില.
കഴിഞ്ഞ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബോളിംഗ് കരുത്തായിരുന്ന ലസിത് മലിംഗയെ സ്വന്തമാക്കാനും ക്ലബ്ബുകള്‍ തയ്യാറായില്ല. മോശം ഫോമും പരുക്കുകളുമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലായിരുന്ന ഇഷാന്ത് ശര്‍മ്മയെ പടിക്ക് പുറത്തു നിര്‍ത്താനായിരുന്നു ഇത്തവണ ക്ലബ്ബുകളുടെ തീരുമാനം. നമാന്‍ ഓജ, പാര്‍ഥിവ് പട്ടേല്‍, മുരളി വിജയ് എന്നീ ഇന്ത്യന്‍ താരങ്ങളെയും ആരും വാങ്ങിയില്ല.
ഗെയില്‍ കഴിഞ്ഞാല്‍ ആരും വാങ്ങാത്ത സൂപ്പര്‍ താരങ്ങള്‍ നിരവധിയാണ്. ന്യൂസിലന്‍ഡിന്റെ വെട്ടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലും ഓസ്‌ട്രേലിയന്‍ ഓള്‍ റൌണ്ടര്‍ ജയിംസ് ഫോക്‍നറെയും എല്ലാവരും കൈവിട്ടു. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്മാരില്‍ ഒരാളെന്ന് വിലയിരുത്തപ്പെടുന്ന ഇംഗ്ലണ്ട് താരം ജോ റൂട്ടിനായും ആരും കൈ ഉയര്‍ത്തിയില്ല.
ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ ജോണ്‍സണ്‍, സാം ബില്ലിംഗ്‌സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ക്കും ആദ്യ ദിനത്തിലെ ലേലത്തില്‍ നിരാശയായിരുന്നു. അടുത്ത ദിവസം നടക്കുന്ന ലേലത്തില്‍ ഇവരെ സ്വന്തമാക്കാന്‍ തയ്യാറായി ക്ലബ്ബുകള്‍ മുമ്പോട്ടു വരുമെന്നാണ് റിപ്പോര്‍ട്ട്.
361 ഇന്ത്യക്കാരടക്കം 580 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 16 താരങ്ങള്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ള മുൻനിര ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ക്വീ താരങ്ങളായ ഇവര്‍ക്കാണ് ലേലത്തില്‍ മുന്‍ഗണന. ഓരോ ടീമുകള്‍ക്കും ചുരങ്ങിയത് 18 താരങ്ങളേയും പരമാവധി 25 താരങ്ങളേയും സ്വന്തമാക്കാം.
ഇന്നും നാളെയുമായി ബംഗളൂരുവിലാണ് താരലേലം നടക്കുക. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും ഈ സീസണില്‍ തിരിച്ചെത്തും.