Tottnhham Hotspur ends 17 years trophy drought with europa league
പരിശീലകനായുള്ള രണ്ടാം സീസണില്‍ തന്നെ ടോട്ടന്നം ഹോട്ട്‌സ്പറിനെ യുവേഫ യൂറോപ്പ ലീഗ് ചാമ്പ്യന്മാരാക്കി ഏഞ്ചെ പോസ്റ്റെകോഗ്ലു. മികച്ച താരങ്ങളുണ്ടായിട്ടും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും യുവേഫ ലീഗുകളിലും ഒരു കിരീടനേട്ടം പോലും സ്വന്തമാക്കാനാവാതെ കഷ്ടപ്പെട്ടിരുന്ന ടോട്ടന്നത്തിലേക്ക് പൊസ്റ്റെകോഗ്ലു പരിശീലകനായെത്തിയപ്പോള്‍ രണ്ടാം സീസണില്‍ കപ്പ് അടിക്കുമെന്ന വാഗ്ദാനം കോച്ച് നല്‍കിയിരുന്നു. ഇതാണ് യൂറോപ്പ വിജയത്തോടെ യാഥാര്‍ഥ്യമായത്. ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റദിനെ 1-0ന് തോല്‍പ്പിച്ച ടോട്ടന്നം 2008ന് ശേഷം ആദ്യമായാണ് ഒരു കിരീടം ഉയര്‍ത്തുന്നത്.
പരിശീലിപ്പിച്ച എല്ലാ ക്ലബുകളിലും തന്റെ രണ്ടാം സീസണില്‍ കിരീടം നേടികൊടുക്കാന്‍ പോസ്റ്റെകോഗ്ലുവിന് സാധിച്ചിട്ടുണ്ട്. ഈ ആത്മവിശ്വാസം ടോട്ടന്നത്തിലും കോച്ച് പ്രകടിപ്പിച്ചിരുന്നു. അതേസമയം നായകനായും കളിക്കാരനെന്ന നിലയിലും ടോട്ടന്നത്തിന്റെ ജപ്പാനീസ് താരമായ സണ്‍ ഹ്യൂങ്ങ് മിന്നിനും ഇത് അഭിമാനനിമിഷമാണ്. ഏറെക്കാലമായി തൊട്ടരികില്‍ വെച്ച് നഷ്ടമായ കിരീടമാണ് സണ്ണും സംഘവും സ്വന്തമാക്കിയത്. കിരീടം നമ്മള്‍ സ്വന്തമാക്കി ഇനി തന്നെ ലെജന്‍ഡ് എന്ന് വേണമെങ്കില്‍ വിളിച്ചോളു എന്നായിരുന്നു യൂറോപ്പ കപ്പ് സ്വന്തമാക്കിയതിന് ശേഷമുള്ള സണ്ണിന്റെ പ്രതികരണം.