അണ്ടർ 19 ലോകകപ്പ്: ഇന്ത്യന്‍ താരങ്ങള്‍ക്ക് കൊതിപ്പിക്കുന്ന പ്രതിഫലവുമായി ബിസിസിഐ
അണ്ടർ 19 ലോകകപ്പ്: ഇന്ത്യന്‍ താരങ്ങള്‍ക്ക് കൊതിപ്പിക്കുന്ന പ്രതിഫലവുമായി ബിസിസിഐ
അണ്ടർ 19 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ശക്തരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി കിരീടം ചൂടിയ ഇന്ത്യൻ ടീമിനുള്ള സമ്മാനത്തുക ബിസിസിഐ പ്രഖ്യാപിച്ചു.
നാലാം തവണയും ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ അഭിനന്ദിച്ചു.
ടീമിന്‍റെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിന് 50 ലക്ഷവും ടീം അംഗങ്ങൾക്ക് 30 ലക്ഷം വീതവുമാണ് ലഭിക്കുക. ടീമിന്‍റെ സപ്പോർട്ടിംഗ് സ്റ്റാഫിന് 20 ലക്ഷം വീതവും നൽകുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് 47.2 ഓവറിൽ 216 റണ്‍സിന് ഓൾ ഔട്ടായപ്പോള്‍ 38.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. സ്കോർ: ഓസ്ട്രേലിയ 47.2 ഓവറിൽ 216, ഇന്ത്യ 38.5 ഓവറിൽ 220.
ഇടംകൈയൻ ഓപ്പണർ മൻജോത് കൽറയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. 102 പന്തിൽ 101റണ്‍സുമായി പുറത്താകാതെ നിന്ന മൻജോത് ഫൈനലിന്‍റെ താരമായി. 47 റണ്‍സുമായി ഹാർവിക് ദേശായിയും പുറത്താകാതെ നിന്നു. ശുബ്മാൻ ഗിൽ (31), ക്യാപ്റ്റൻ പൃഥ്വി ഷാ (29) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.