Publish Date: Mon, 06 Feb 2023 (14:26 IST)
Updated Date: Mon, 06 Feb 2023 (14:28 IST)
ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയിൽ സ്പിന്നർ രവിചന്ദ്ര അശ്വിൻ കടുത്ത വെല്ലുവിളിയാണെന്ന് തുറന്ന് സമ്മതിച്ച് ഓസീസ് ഓപ്പണർ ഉസ്മാൻ ഖവാജ. നാല് മത്സരങ്ങളടങ്ങിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരം ഈ മാസം 9ന് നാഗ്പൂരിൽ നടക്കാനിരിക്കെയാണ് താരത്തിൻ്റെ തുറന്നുപറച്ചിൽ.
ഇന്ത്യയുടെ തോക്കാണ് അശ്വിൻ. ക്രീസിലെ സ്പെയ്സ് ശരിയാം വണ്ണം ഉപയോഗിച്ച് ചെറിയ ചെറിയ വ്യത്യാസങ്ങൾ വരുത്തി തന്ത്രപരമായി പന്തെറിയുന്ന താരമാണ് അശ്വിൻ. കരിയറിൻ്റെ തുടക്കത്തിലായിരുന്നുവെങ്കിൽ എനിക്ക് കൃത്യമായി ഉത്തരം പറയാൻ സാധിക്കുമായിരുന്നില്ല. കാരണം ഓഫ് സ്പിന്നർമാരെ നേരിട്ടുള്ള അനുഭവം അന്ന് കുറവായിരുന്നു. ഇന്ന് പക്ഷേ അവരെ നേരിടുക എന്നത് കടുത്ത വെല്ലുവിളിയാണെന്ന് എനിക്കറിയാം.
ഒരേ തരത്തിൽ പന്തെറിയുന്ന ആളല്ല അശ്വിൻ. കൂടുതൽ ജാഗ്രതയോടെ വേണം അശ്വിനെ കളിക്കാൻ. പുതിയ പന്തിൽ സ്പിൻ പിച്ചിൽ അശ്വിൻ,ജഡേജ,അക്സർ എന്നിവരെ നേരിടുക എന്നത് മാരകമായ വെല്ലുവിളിയാണ്. ഫ്ളാറ്റ് പിച്ചാണെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്. എന്നാൽ തിരിയുന്ന പിച്ചിൽ പന്ത് കളിക്കുക എന്നത് ദുഷ്കരമാണ്. ഉസ്മാൻ ഖവാജ പറഞ്ഞു.