Vaibhav Suryawanshi: രാജസ്ഥാന്‍ വിളിച്ചെടുത്ത പയ്യന്‍ ഏഷ്യാ കപ്പില്‍ ആറാടുകയാണ്; ശ്രീലങ്കയ്‌ക്കെതിരെ അര്‍ധ സെഞ്ചുറി
അണ്ടര്‍ 19 ലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 36 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സും സഹിതം 67 റണ്‍സാണ് വൈഭവ് ഇന്ന് സ്‌കോര്‍ ചെയ്തത്
Vaibhav Suryawanshi: ഐപിഎല്‍ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതോടെയാണ് 13 കാരന്‍ വൈഭവ് സൂര്യവന്‍ഷിയെ ക്രിക്കറ്റ് ആരാധകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. 1.10 കോടിക്ക് രാജസ്ഥാന്‍ വൈഭവിനെ വിളിച്ചെടുത്തപ്പോള്‍ അതൊരു മോശം തീരുമാനമാണെന്നു വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ ചെക്കന്റെ പ്രകടനത്തിനു മുന്നില്‍ വായടച്ചു നില്‍ക്കുകയാണ്. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി മിന്നുന്ന പ്രകടനമാണ് വൈഭവ് കാഴ്ചവയ്ക്കുന്നത്.
അണ്ടര്‍ 19 ലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 36 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സും സഹിതം 67 റണ്‍സാണ് വൈഭവ് ഇന്ന് സ്‌കോര്‍ ചെയ്തത്. 186.11 സ്‌ട്രൈക് റേറ്റോടെയാണ് വൈഭവ് 67 റണ്‍സെടുത്ത് പുറത്തായത്. ഏഷ്യാ കപ്പിലെ കഴിഞ്ഞ മത്സരത്തിലും വൈഭവ് അര്‍ധ സെഞ്ചുറി നേടിയിരുന്നു. യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ 46 പന്തില്‍ 76 റണ്‍സെടുത്ത് വൈഭവ് പുറത്താകാതെ നിന്നു. 1, 23, 76, 67 എന്നിങ്ങനെയാണ് വൈഭവിന്റെ ഇതുവരെയുള്ള ഏഷ്യാ കപ്പിലെ സ്‌കോറുകള്‍.
ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതി തുടങ്ങി ഒട്ടേറെ റെക്കോര്‍ഡുകളാണ് സൂര്യവന്‍ഷി സ്വന്തം പേരിലാക്കിയിരിക്കുന്നത്. ബിഹാറിലെ മോത്തിപ്പൂര്‍ ഗ്രാമത്തിലാണ് വൈഭവിന്റെ വീട്. വെറും എട്ട് വയസ് മാത്രമുള്ളപ്പോള്‍ അണ്ടര്‍ 16 ജില്ലാതല ട്രയല്‍സില്‍ വൈഭവ് പങ്കെടുത്തിട്ടുണ്ട്. സമസ്തിപൂര്‍ നഗരത്തിലാണ് വൈഭവ് ക്രിക്കറ്റ് പരിശീലനം നടത്തിയിരുന്നത്.
2011 മാര്‍ച്ച് 27 നാണ് വൈഭവിന്റെ ജനനം. ഈ വര്‍ഷം ജനുവരിയില്‍ തന്റെ പന്ത്രണ്ടാം വയസില്‍ ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചു. ഇതുവരെ കളിച്ച അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 100 റണ്‍സ് നേടിയിട്ടുണ്ട്. 41 ആണ് ഉയര്‍ന്ന സ്‌കോര്‍. സെപ്റ്റംബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ വൈഭവ് കളിച്ചിട്ടുണ്ട്. 62 പന്തില്‍ 104 റണ്‍സ് അടിച്ച വൈഭവ് അന്നുമുതല്‍ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
നാഗ്പൂരില്‍ നടക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ട്രയല്‍സില്‍ വൈഭവ് പങ്കെടുത്തിരുന്നു. ഓരോവറില്‍ 17 റണ്‍സ് അടിച്ചുകാണിക്കാനാണ് ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍ വൈഭവിനോടു ആവശ്യപ്പെട്ടത്. ഓരോവറില്‍ മൂന്ന് സിക്സറുകള്‍ അടിച്ചാണ് താന്‍ 'ചില്ലറക്കാരനല്ല' എന്ന് രാജസ്ഥാന്‍ ക്യാംപിനെ വൈഭവ് ബോധ്യപ്പെടുത്തിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ ട്രയല്‍സില്‍ ആകെ എട്ട് സിക്സുകളും നാല് ഫോറുകളുമാണ് വൈഭവ് അടിച്ചുകൂട്ടിയത്.
30 ലക്ഷം രൂപയായിരുന്നു ഐപിഎല്‍ താരലേലത്തില്‍ വൈഭവിന്റെ അടിസ്ഥാന വില. ഇടംകൈയന്‍ ബാറ്ററാണ് താരം. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഡല്‍ഹി ക്യാപിറ്റല്‍സും വൈഭവിനെ സ്വന്തമാക്കാന്‍ താരലേലത്തില്‍ ശ്രമിച്ചിരുന്നു.