ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ അവസാന മത്സരമാണ് ഇന്നലെ നമീബിയക്കെതിരെ നടന്നത്. ഇന്ത്യന്‍ ടി 20 നായകനെന്ന നിലയില്‍ കോലിയുടെ അവസാന മത്സരവും. നമീബിയക്കെതിരെ ഒന്‍പത് വിക്കറ്റിന്റെ ഗംഭീര വിജയം സ്വന്തമാക്കിയാണ് ഇന്ത്യ യുഎഇയില്‍ നിന്ന് വിമാനം കയറുന്നത്.
ക്യാപ്റ്റന്‍ സ്ഥാനം വഹിച്ചുകൊണ്ടുള്ള അവസാന മത്സരത്തില്‍ കോലി ബാറ്റ് ചെയ്യാന്‍ ഇറങ്ങാതിരുന്നത് എന്തുകൊണ്ടാണെന്ന് ആരാധകര്‍ക്കിടയില്‍ നേരത്തെ ചോദ്യം ഉയര്‍ന്നിരുന്നു. നമീബിയക്കെതിരെ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായ ശേഷം വണ്‍ഡൗണ്‍ ആയി ക്രീസിലെത്തിയത് സൂര്യകുമാര്‍ യാദവ് ആണ്. തന്റെ ബാറ്റിങ് പൊസിഷനില്‍ സൂര്യകുമാറിനു വേണ്ടി സ്വയം താഴോട്ട് ഇറങ്ങുകയാണ് കോലി ചെയ്തത്.
ലോകകപ്പില്‍ സൂര്യകുമാറിന് അത്ര നല്ല ഓര്‍മകളില്ലെന്നും നല്ല ഓര്‍മകളുമായി ടി 20 ലോകകപ്പ് അവസാനിപ്പിക്കാനാണ് ഏതൊരു താരവും ആഗ്രഹിക്കുകയെന്നും കോലി പറഞ്ഞു. 'ലോകകപ്പില്‍ സൂര്യക്ക് അധികം കളിക്കാന്‍ സാധിച്ചിട്ടില്ല. നമീബിയക്കെതിരെ അദ്ദേഹത്തെ നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറക്കിയത് അതുകൊണ്ടാണ്. ടി 20 ലോകകപ്പില്‍ അദ്ദേഹത്തിനു നല്ലൊരു ഓര്‍മയായിരിക്കും ഇത്. അതുകൊണ്ടാണ് ഞാന്‍ താഴോട്ട് ഇറങ്ങി സൂര്യയെ മൂന്നാം നമ്പറില്‍ ഇറക്കിയത്,' കോലി പറഞ്ഞു.
സഹതാരത്തിനു വേണ്ടി സ്വന്തം അവസരം വേണ്ടെന്നുവച്ച ക്യാപ്റ്റന്‍ കോലിയെ അഭിനന്ദിക്കുകയാണ് ആരാധകര്‍. യഥാര്‍ഥ നായകന് ചേരുന്ന പ്രവൃത്തിയാണ് കോലി ചെയ്തതെന്ന് ആരാധകര്‍ പുകഴ്ത്തുന്നു.