കോഹ്‌ലിയെന്ന അമാനുഷികന്‍; പരമ്പരയില്‍ തരിപ്പണമായത് സച്ചിനും ലാറയും പിടിച്ചുവച്ചിരുന്ന റെക്കോര്‍ഡുകള്‍
കോഹ്‌ലി തരിപ്പണമാക്കിയത് സച്ചിനും ലാറയും പിടിച്ചുവച്ചിരുന്ന റെക്കോര്‍ഡുകള്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ വിരാട് കോഹ്‌ലിക്ക് മാത്രമെ കഴിയൂ എന്ന പ്രസ്‌താവനകള്‍ നാളുകളായി ക്രിക്കറ്റ് ലോകത്തു നിന്നും ഉയരുന്നുണ്ട്. പുതിയ നേട്ടങ്ങള്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ക്കാന്‍ വെമ്പന്‍ കൊള്ളുന്ന വിരാട് സച്ചിന്റെ റെക്കോര്‍ഡുകള്‍ ഭൂരിഭാഗവും തകര്‍ക്കുമെന്ന് തെളിയിച്ച ഒരു പരമ്പരയായിരുന്നു ശ്രീലങ്കയ്‌ക്കെതിരെ കഴിഞ്ഞത്.
ശ്രീലങ്കയ്‌ക്കെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ നിരവധി റെക്കോര്‍ഡുകളാണ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്. മൂന്നാം ടെസ്റ്റില്‍ 5000 റണ്‍സെന്ന നാഴികക്കല്ല് സ്വന്തമാക്കിയ കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരവുമായി. 105 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 5,000 റണ്‍സ് സ്വന്തമാക്കിയത്. സുനില്‍ ഗാവസ്കർ (95), വീരേന്ദർ സെവാഗ് (99), സച്ചിൻ തെൻഡുൽക്കർ (103) എന്നിവരാണ് ഇക്കാര്യത്തിൽ കോഹ്‍ലിക്കു മുന്നിൽ.
മൂന്നാം ടെസ്‌റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ കരിയറിലെ ആറാം ഡബിള്‍ സെഞ്ചുറി കുറിച്ച കോഹ്‌ലി വിന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറയുടെ പേരിലുണ്ടായിരുന്ന ടെസ്‌റ്റില്‍ അഞ്ച് ഇരട്ട സെഞ്ചുറി സ്വന്തമാക്കിയ ക്യാപ്‌റ്റന്‍ എന്ന റെക്കോര്‍ഡും മറികടന്നു. ലങ്കയ്‌ക്കെതിരായ ഈ പരമ്പരയില്‍ 610 റൺസ് നേടിയ കോഹ്‍ലി, മൂന്നു മൽസരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം റൺസ് താരമായി മാറുകയും ചെയ്‌തു.
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ കലശിച്ചതോടെ തുടർച്ചയായ ഒമ്പത് ടെസ്റ്റ് പരമ്പര വിജയിച്ച് ഇന്ത്യ ചരിത്ര നേട്ടത്തിന് ഒപ്പമെത്തിയതാണ് ഏറ്റവും പ്രധാന്യം അര്‍ഹിക്കുന്നത്. തുടർച്ചയായി ഒമ്പത് ടെസ്റ്റ് പരമ്പര നേടുന്ന രണ്ടാമത്തെ ടീമായി തീരുന്നു ഇന്ത്യ. 2005- 08 കാലത്ത് ഓസ്ട്രേലിയ ഈ റെക്കാഡ് സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ 17 മാസത്തിനിടെ ആറ് ഇരട്ട് സെഞ്ചുറികളാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ അടിച്ചു കൂട്ടിയത്.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോഹ്‌ലിയുടെ ഫോം ഇന്ത്യക്ക് ഗുണമാകും. ദക്ഷിണാഫ്രിക്കയിലെ അതിവേഗ പിച്ചുകളില്‍ കോഹ്‌ലിപ്പടയ്‌ക്ക് ബാറ്റിംഗ് എളുപ്പമായിരിക്കില്ല. വിദേശ പിച്ചുകളില്‍ സമ്മര്‍ദ്ദത്തിലാകുന്ന ടീം എന്ന ചീത്തപ്പേര് തുടച്ചു നീക്കാന്‍ കോഹ്‌ലിയുടെ ഈ തകര്‍പ്പന്‍ ഫോമിന് സാധിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
കോഹ്‌ലി റണ്‍ കണ്ടെത്തിയാല്‍ ടീം മൊത്തത്തില്‍ കരുത്താര്‍ജ്ജിക്കുന്ന ഒരു രീതിയാണ് കുറച്ചു നാളുകളായി കാണുന്നത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കോഹ്‌ലിയുടെ ബാറ്റ് ഗര്‍ജ്ജിച്ചാല്‍ ഇന്ത്യ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കിയാകും തിരികെ വിമാനം കയറുക.