ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് വിരാട് കോലി ആവശ്യപ്പെട്ടത് ശരിയായില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. കളിയില്‍ നിന്ന് ഇടവേളയെടുക്കുന്നതില്‍ തെറ്റൊന്നും ഇല്ലെന്നും എന്നാല്‍ കോലി അതിനായി തിരഞ്ഞെടുത്ത സമയം ശരിയായില്ലെന്നും അസ്ഹര്‍ അഭിപ്രായപ്പെട്ടു. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനായി തനിക്ക് ബ്രേക്ക് നല്‍കണമെന്നാണ് കോലി ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏകദിനത്തില്‍ കോലിയെ നായകസ്ഥാനത്തു നിന്ന് മാറ്റി രോഹിത് ശര്‍മയ്ക്ക് ഉത്തരവാദിത്തം ഏല്‍പ്പിച്ച ശേഷമുള്ള ആദ്യ ഏകദിന പരമ്പരാണ് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്നത്. നായകസ്ഥാനത്തു നിന്ന് മാറ്റിയതില്‍ കോലിക്ക് അതൃപ്തിയുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോലി-രോഹിത് അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെടുത്തി പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ് ഏകദിന പരമ്പരയില്‍ നിന്ന് കോലി ബ്രേക്ക് ചോദിച്ചതെന്ന് ആരാധകര്‍ക്ക് തോന്നുമെന്നാണ് അസ്ഹറിന്റെ അഭിപ്രായം.
' ഏകദിന പരമ്പരയ്ക്ക് താന്‍ ഉണ്ടാകില്ലെന്ന് വിരാട് കോലി അറിയിച്ചിട്ടുണ്ട്. ടെസ്റ്റില്‍ രോഹിത്തും കളിക്കുന്നില്ല. ബ്രേക്ക് എടുക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല, പക്ഷേ തിരഞ്ഞെടുത്ത സമയം ശരിയായില്ല. ഇപ്പോള്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഈ തീരുമാനം,' അസ്ഹര്‍ പറഞ്ഞു.