ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയുടെ ട്വന്റി 20 ഭാവി അനിശ്ചിതത്വത്തില്‍. ട്വന്റി 20 ലോകകപ്പ് ടീമില്‍ കോലി ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പ് പറയാന്‍ പറ്റില്ലെന്നാണ് ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലെ പ്രകടനം കണക്കിലെടുത്താകും കോലിയുടെ ട്വന്റി 20 കരിയറിനെ കുറിച്ച് ബിസിസിഐ തീരുമാനമെടുക്കുക.
ഇംഗ്ലണ്ടിനെതിരെ തിളങ്ങിയില്ലെങ്കില്‍ കോലി ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബിസിസിഐ അധികൃതര്‍ കോലിക്ക് ഇതേകുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ കോലിക്ക് വിശ്രമം അനുവദിച്ചിരിക്കുന്നതിനാല്‍ ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ താരത്തിനു നിര്‍ണായകമാണ്. കോലിക്ക് ഇനിയും അവസരങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് ബിസിസിഐ നിലപാട്.