ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി മികച്ച പ്രകടനമാണ് ദിനേഷ് കാർത്തിക് പുറത്തെടുക്കുന്നത്. ഫിനിഷർ എന്ന നിലയിൽ ക്രീസിലെത്തുന്ന ദിനേഷ് കാർത്തിക് ഒരു തവണ മാത്രമാണ് സീസണിൽ പുറത്തായത്. 200നടുത്ത് സ്ട്രൈക്ക്‌റേറ്റിൽ റൺസ് കണ്ടെത്താനും താരത്തിന് കഴിയുന്നുണ്ട്.
ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളായ രവീന്ദ്ര ജഡേജ,രോഹിത് ശർമ,വിരാട് കോലി എന്നിവർ റൺസ് കണ്ടെത്താൻ വിഷമിക്കുമ്പോളാണ് 36 കാരനായ ദിനേഷ് കാർത്തിക് റൺമലകൾ തീർക്കുന്നത്. ഇപ്പോഴിതാ ദിനേഷ് കാർത്തികിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനായ വിരാട് കോലി.
ഈ സീസണിലെ താരം ദിനേഷ് കാർത്തികാണെന്നാണ് കോലി പറയുന്നത്. ഈ പ്രകടനം തുടരട്ടെ എന്നൊന്നും ആശംസിക്കേണ്ടതില്ല. കാരണം കാര്‍ത്തിക്കിന്റെ കളി കാണുമ്പോഴറിയാം അദ്ദേഹം ഇതുകൊണ്ടൊന്നും നിര്‍ത്താന്‍ പോകുന്നില്ല. കോലി പറഞ്ഞു.
ഈ സീസണിൽ 6 ഇന്നിങ്‌സുകളില്‍ നിന്നായി 209.57 സ്‌ട്രൈക്ക് റേറ്റില്‍ 197 റണ്‍സാണ് കാര്‍ത്തിക് നേടിയത്. ഒരു തവണ മാത്രമാണ് പുറത്തായത്. കഴിഞ്ഞ ദിവസം ഡല്‍ഹിയ്‌ക്കെതിരെ 34 പന്തില്‍ പുറത്താകാതെ 66 റണ്‍സ് നേടി ടീമിന്റെ ജയത്തില്‍ സുപ്രധാന പങ്ക് വഹിക്കാൻ ദിനേഷ് കാർത്തികിനായിരുന്നു.