ഓസീസിനെതിരായ ഗാബ ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ ഒഴിവാക്കി ഇന്ത്യ. മത്സരത്തില്‍ രവീന്ദ്ര ജഡേജയെ ടീം സ്‌കോര്‍ 213 റണ്‍സിന് നഷ്ടപ്പെടുമ്പോള്‍ ഫോളോ ഓണ്‍ ഒഴിവാക്കാനായി 23 റണ്‍സാണ് ഇന്ത്യക്ക് ആവശ്യമുണ്ടായിരുന്നത്. അവസാനത്തെ അംഗീകൃത ബാറ്ററായ രവീന്ദ്ര ജഡേജയും പുറത്തായതോടെ ഇന്ത്യ ഫോളോ ഓണ്‍ നേരിടാന്‍ സാധ്യത അധികമായിരുന്നു. എന്നാല്‍ അവസാന വിക്കറ്റില്‍ ഒന്നിച്ച ജസ്പ്രീത് ബുമ്ര- ആകാശ് ദീപ് കൂട്ടുക്കെട്ട് പ്രോപ്പര്‍ ബാറ്റര്‍മാരെ പോലെയാണ് സാഹചര്യത്തെ നേരിട്ടത്. നാലാം ദിനം അവസാനിക്കുമ്പോള്‍ 39 റണ്‍സ് അവസാന വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത താരങ്ങള്‍ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നും ഇന്ത്യയെ കരകയറ്റി.
രവീന്ദ്ര ജഡേജയെ ടീം സ്‌കോര്‍ 213 റണ്‍സില്‍ നില്‍ക്കെ നഷ്ടമായതിനാല്‍ തന്നെ മത്സരം ഓസീസ് കൈപ്പിടിയിലൊതുക്കാന്‍ സാധ്യതകള്‍ ഏറെയായിരുന്നു. പേസര്‍ ജോഷ് ഹേസല്‍വുഡിന്റെ പരിക്കും ബുമ്രയുടെയും ആകാശ് ദീപിന്റെയും നിശ്ചയദാര്‍ഡ്യവുമാണ് ഓസീസിന് വിലങ്ങുതടിയായത്. മത്സരത്തില്‍ ഫോളോ ഓണ്‍ ഇന്ത്യ ഒഴിവാക്കിയതോടെ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലും വലിയ ആഹ്‌ളാദ പ്രകടനങ്ങളാണ് നടന്നത്. കോലിയും രോഹിത്തും പരിശീലകന്‍ ഗൗതം ഗംഭീറും മനസ്സ് തുറന്ന് ചിരിച്ചത് പോലും അപ്പോഴായിരുന്നു. പിന്നാലെ കമ്മിന്‍സിന്റെ പന്തില്‍ ആകാശ് ദീപ് സികസര്‍ അടിച്ചതോടെ വിരാട് കോലി സിക്‌സര്‍ കണ്ട് കണ്ണ് തള്ളുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.