നിങ്ങൾ ഒരു രാജാവിനെയാണ് അക്രമിക്കുന്നതെങ്കിൽ അയാളെ നിങ്ങൾ കൊന്നിരിക്കണം എന്ന് പറഞ്ഞത് റാൾഫ് വാൾഡോ എമേഴ്സണാണ്. എന്നാൽ അത് അക്ഷരാർത്ഥത്തിൽ യോജിക്കുന്നത് ഇന്ത്യൻ നായകൻ വിരാട് കോലിക്കാണ്. ഹൈദരാബാദിലെ ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ നടന്ന അവസാനമത്സരമാണ് ഇതിന്റെ അവസാന തെളിവ്.
വിൻഡീസ് ബൗളർ കെസറിക് വില്യംസിനെ സിക്സറടിച്ച ശേഷം ഇന്ത്യൻ നായകൻ നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷനാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. രണ്ട് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ കയ്യിൽ കിട്ടിയ അവസരം ഇന്ത്യൻ നായകൻ ആഘോഷമാക്കുകയായിരുന്നു.
2017ലെ ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിൽ വിരാട് കോലിയുടെ വിക്കറ്റ് എടുത്ത ശേഷം വില്യം നടത്തിയ സെലിബ്രേഷനാണ് കോലി ഇന്നലെ മറുപടി പറഞ്ഞിരിക്കുന്നത്. മത്സരത്തിന്റെ പതിമൂന്നാം ഓവറിൽ വില്യംസ് കോലിയുടെ ഓട്ടത്തിന് തടയിടാൻ ശ്രമിച്ചിരുന്നു. ഇതിന്റെ കണക്കുകൾ കൂടി ചേർത്താണ് കോലി 16മത് ഓവറിൽ മറുപടി പറഞ്ഞത്.
ആ ഓവറിൽ സിക്സറുൾപ്പെടെ 23 റൺസെടുത്ത കോലി സിക്സർ അടിച്ച ശേഷം ഒരു നോട്ട്ബുക്ക് പാന്റിന്റെ പോക്കറ്റിൽ നിന്നും വലിച്ചെടുക്കുന്നതായി ഭാവിക്കുകയും ശേഷം നോട്ട്ബുക്കിൽ എഴുതുകയുമായിരുന്നു. മത്സരശേഷം തന്റെ ആഘോഷത്തെ പറ്റി മാധ്യമപ്രവർത്തകരോട് സംസരിക്കാനും കോലി തയ്യാറായി.
ജമൈക്കയിൽ തന്നെ പുറത്താക്കിയ ശേഷം നടത്തിയ സെലിബ്രേഷനുള്ള മറുപടിയായിരുന്നു അതെന്ന് കോലി പറയുന്നു. അന്ന് നടത്തിയ ആഘോഷത്തിനുള്ള മറുപടിയായിരുന്നു ഇന്നലെ നടന്നത്. അതെല്ലാം കളിയുടെ ഭാഗമാണ്. കളിക്ക് ശേഷം പരസ്പരം കൈകോടുത്ത് പിരിയുന്നു. കളിക്കുമ്പോൾ കാര്യങ്ങൾ കഠിനമായിരിക്കുമെങ്കിലും എതിർതാരങ്ങളെയും ബഹുമാനിക്കുക എന്നതും പ്രധാനമാണെന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കി.
50 പന്തിൽ നിന്നും 94 റൺസെടുത്ത കോലിയായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ വിജയശിൽപ്പി. മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ഇതോടെ ഇന്ത്യ 1-0 ന് മുൻപിലെത്തി. പരമ്പരയിലെ രണ്ടാമത് മത്സരം ഞായറാഴ്ച തിരുവനന്തപുരത്ത് വെച്ച് നടക്കും