രോഹിത് ശര്‍മ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും രാജിവെച്ചതോടെ രണ്ട് തലവേദനകളാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ മുന്നിലുള്ളത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ രോഹിത്തിന് കീഴില്‍ പുതിയ നായകനെ വളര്‍ത്തിയെടുക്കാന്‍ ബിസിസിഐക്ക് സാധിച്ചിരുന്നില്ല. പരിക്കിന്റെ സാധ്യതയുള്ളതിനാല്‍ ജസ്പ്രീത് ബുമ്രയെ ഇന്ത്യ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ശുഭ്മാന്‍ ഗില്ലാകും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനാകാന്‍ സാധ്യത അധികവും.
അതേസമയം രോഹിത്തിന്റെ പകരം ആര് ഓപ്പണിംഗ് റോളില്‍ വരും എന്നതും ഇന്ത്യയ്ക്ക് ആലോചിക്കേണ്ടി വരും. ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ മികച്ച പേസര്‍മാരടങ്ങുന്ന ഇംഗ്ലണ്ട് ബൗളിംഗ് നിരയെ നേരിടുക എന്നത് പ്രയാസമേറിയ കാര്യമായിരിക്കും.യശ്വസി ജയ്‌സ്വാളിനൊപ്പം ശുഭ്മാന്‍ ഗില്ലിന് ഓപ്പണിംഗിലേക്ക് തിരിച്ചെത്താന്‍ അവസരമുണ്ടെങ്കിലും ഗില്‍ മൂന്നാം നമ്പര്‍ സ്ഥാനമാണ് തെരെഞ്ഞെടുക്കാന്‍ സാധ്യത. എങ്കിലും പുതിയ സാഹചര്യത്തില്‍ ഓപ്പണിംഗിലേക്ക് തന്നെ തിരിച്ചെത്താനും സാധ്യതകളുണ്ട്.
നിലവില്‍ കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നീ പേരുകളാകും ടെസ്റ്റ് ഫോര്‍മാറ്റിലെ ഓപ്പണിംഗ് റോളിലേക്ക് ജയ്‌സ്വാളിനൊപ്പം പരിഗണിക്കപ്പെടുക. ഐപിഎല്ലിലും ഇന്ത്യയ്ന്‍ എയ്‌ക്കൊപ്പവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സായ് സുദര്‍ശന്‍ സ്ഥിരതയുള്ള കളിക്കാരനാണ്. എന്നാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ മത്സരപരിചയമില്ല എന്നത് തിരിച്ചടിയാണ്. രോഹിത്തിന് പോലെ ഒരു പരിചയസമ്പന്നനെ ടീമിന് ആവശ്യമുണ്ട് എന്ന തീരുമാനമാണ് ടീം മാനേജ്‌മെന്റ് എടുക്കുന്നതെങ്കില്‍ കെ എല്‍ രാഹുലാകും ആദ്യ ചോയ്‌സ്. ഇംഗ്ലണ്ടില്‍ 9 മത്സരങ്ങളില്‍ നിന്നും 2 സെഞ്ചുറികളടക്കം 614 റണ്‍സുണ്ട് എന്ന മികച്ച റെക്കോര്‍ഡും രാഹുലിന് അനുകൂലമാണ്.
നിലവില്‍ 2025-27 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമാക്കിയുള്ള അഴിച്ചുപണിയിലാണ് ബിസിസിഐ. പുതിയ സൈക്കിളില്‍ പുതിയ നായകന്‍ വേണമെന്ന തീരുമാനവും ഇതിന്റെ ഭാഗമാണ്. ഈ സാഹചര്യത്തിലാണ് സായ് സുദര്‍ശനെ പോലുള്ള താരങ്ങളെ ഇന്ത്യ തെരെഞ്ഞെടുക്കുവാനുള്ള സാധ്യതയും ഉയരുന്നത്.