ടി20 ലോകകപ്പിലെ സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് ദയനീയമായി പരാജയപ്പെട്ട ഇന്ത്യൻ ടീമിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ഇന്ത്യ തോറ്റതിനോടല്ല ഒരു പോരാട്ടം കൂടി കാഴ്ചവെയ്ക്കാൻ ടീമിനായില്ലെന്ന് സെവാഗ് പറയുന്നു. ടീം മാനേജ്മെൻ്റിൻ്റെ സെലക്ഷൻ രീതിക്കെതിരെയും സെവാഗ് പ്രതികരിച്ചു.
സഞ്ജു സാംസൺ,ഇഷാൻ കിഷൻ,പൃഥ്വി ഷാ, റുതുരാജ് മുതലായ യുവതാരങ്ങളെ ദ്വിരാഷ്ട്ര പരമ്പരകളിൽ മാത്രം കളിപ്പിക്കുകയും അതിന് ശേഷം ലോകകപ്പ് പോലുള്ള വലിയ ടൂർണമെൻ്റുകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നരീതി ശരിയല്ലെന്ന് സെവാഗ് പറഞ്ഞു. ഈ യുവതാരങ്ങളെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചവരാണ്. അവിടെ റൺസടിച്ചിട്ടുണ്ട്.
ദ്വിരാഷ്ട്ര പരമ്പരകൾ വരുമ്പോൾ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കുകയും യുവതാരങ്ങളെ പരീക്ഷിക്കുകയും ചെയ്യും. എന്നിട്ട് വലിയ ടൂർണമെൻ്റുകളിൽ യുവതാരങ്ങളെ മാറ്റി സീനിയർ താരങ്ങൾ തിരിച്ചെത്തും. ഇപ്പോൾ ന്യൂസിലൻഡ് പര്യടനത്തിൽ യുവതാരങ്ങളാണ് കളിക്കുന്നത്. അവർ അവിടെ മികവ് തെളിയിച്ചാൽ എന്താണ് ലഭിക്കുക. സീനിയർ താരങ്ങൾ തിരിച്ചെത്തുമ്പോൾ അവർ പുറത്താകും. മികവ് കാട്ടുന്ന യുവതാരങ്ങളെ ടീമിലെടുക്കാനും മികവിലേക്കുയരാത്ത സീനിയർ താരങ്ങളോട് നിങ്ങളുടെ സേവനത്തിന് നന്ദിയെന്ന് പറഞ്ഞ് ഒഴിവാക്കാനും ക്രിക്കറ്റ് ബോർഡ് തയ്യാറാവണമെന്നും സെവാഗ് പറഞ്ഞു.