ഐപിഎല്ലിൽ മറ്റ് ടീമുകൾക്ക് എത്തിപ്പിടിക്കാനാവാത്ത പ്രകടനമാണ് വയസൻ പടയെന്ന വിമർശനങ്ങൾ പല തവണ ഏറ്റുവാങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് നടത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ 172 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ കൊൽക്കത്തയ്ക്കെതിരെ ആവേശകരമായ വിജയമാണ് സ്വന്തമാക്കിയത്.
ഓപ്പണർമാരായ റിതുരാജ് ഗെയ്‌ക്ക്‌വാദും ഫാഫ് ഡുപ്ലെസിയും നല്ല രീതിയിൽ തുടങ്ങിയെങ്കിലും മധ്യനിര തകർന്നതോടെ ചെന്നൈ തോൽവി മണത്തിരുന്നു. എന്നാൽ അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജ ആഞ്ഞടിച്ചതോടെയാണ് ചെന്നൈ മത്സരം കൊൽക്കത്തയിൽ നിന്നും പിടിച്ചുവാങ്ങിയത്. ഇപ്പോഴിതാ ചെന്നൈയുടെ വിജയത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണിങ് താരമായ വിരേന്ദർ സെവാഗ്.
സിഎസ്കെയെ തോൽപ്പിക്കണമെങ്കിൽ നിങ്ങൾ 40 ഓവറും മികച്ച ക്രിക്കറ്റ് കാഴ്‌ച്ചവെയ്ക്കണമെന്നാണ് സെവാഗ് പറയുന്നത്. ബൗളിങ് മാത്രമാണ് സിഎസ്‌കെയ്ക്ക് ദൗർബല്യമായുള്ളത്. കൊൽക്കത്തയെ അവർക്ക് സുഖമായി 150-160ൽ ഒതുക്കാമായിരുന്നു എന്നാൽ സാധിച്ചില്ല. ചെന്നൈ ആദ്യം ബാറ്റ് ചെയ്‌ത് 160-170ൽ ഒതുങ്ങിയാൽ കളി ജയിക്കുക എളുപ്പമാവില്ല.
എന്നാൽ ബൗളിങ്ങിലെ പ്രശ്‌നം മാറ്റിനിർത്തിയാൽ അസാധ്യമായ ബാറ്റിങ് നിരയാണ് ചെന്നൈയ്ക്കുള്ളത്. അവസാന സ്ഥാനം വരെ ബാറ്റിങ് ചെയ്യാൻ കഴിവുള്ളവർ ടീമിൽ ഉള്ളത് ചെന്നൈയെ അപകടകാരികളാക്കുന്നു. സെവാഗ് പറഞ്ഞു.