ഐപിഎൽ പതിനാലാം സീസണിന്റെ രണ്ടാം പാദത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ഓപ്പണിങ് താരം ശുഭ്‌മാൻ ഗില്ലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓപ്പണിങ് താരം വിരേന്ദർ സെവാഗ്. ക്രിക്കറ്റിലെ പല ഇതിഹാസതാരങ്ങളേക്കാൾ മികച്ച കളിക്കാരനാണ് ഗില്ലെന്ന് സെവാഗ് പറഞ്ഞു.
ആർസിബിക്കെതിരെ 34 പന്തിൽ 48 റൺസ് എടുത്ത ഗില്ലിന്റെ മികവിലായിരുന്നു കൊൽക്കത്ത ഒൻപത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്. ഗില്‍ സ്വാതന്ത്ര്യത്തോടെ ബാറ്റ് വീശണം. എന്താണ് സാഹചര്യമെന്നും എത്ര റൺസ് വേണമെന്നതും അവൻ ചിന്തിക്കേണ്ടതില്ല. ഒൻപത് ബാറ്റ്സ്മാന്മാർ അവന് ശേഷം ക്രീസിലെത്താനുണ്ട്. അതിനാൽ ഒരു ലൂസ് ബോൾ കിട്ടിയാൽ കൂറ്റൻ ഷോട്ടിന് തന്നെ ഗിൽ ശ്രമിക്കണം സെവാഗ് പറഞ്ഞു.
പല ഇതിഹാസ താരങ്ങളേക്കാള്‍ പ്രതിഭയുണ്ട് ഗില്ലിന്. മനക്കരുത്താണ് പഴയ താരങ്ങളുടെ വിജയത്തിന് കാരണം. ബാറ്റ്സ്‌മാനായി തിളങ്ങണമെങ്കില്‍ ഗില്‍ അദേഹത്തിന്‍റെ ചിന്തയിലും മാറ്റം കൊണ്ടുവരണം. ടി20 ക്രിക്കറ്റിൽ പന്തിനൊപ്പം റൺസ് കണ്ടെത്തുന്നതിനേക്കാൾ പ്രധാനം ചിന്താശൈലിയാണ്. ക്രീസിലേക്ക് പോവുക, ഹിറ്റ് ചെയ്യാന്‍ തുടങ്ങുക. നന്നായി പന്തില്‍ കണക്‌ട് ചെയ്‌താല്‍ മാച്ച് വിന്നറാകാം. അതിന് കഴിഞ്ഞില്ലെങ്കിലും പ്രശ്‌നമില്ല, മറ്റാരെങ്കിലും ചെയ്‌തുകൊള്ളും.കഴിവിനേക്കാൾ ചിന്താശൈലിയാണ് ടി20 ക്രിക്കറ്റിൽ വിജയിക്കാൻ ആവശ്യം സെവാഗ് പറഞ്ഞു.