ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്ക് ശേഷം ഈ മാസം 26നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. ഇപ്പോളിതാ 26ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ സീനിയർ താരം അജിങ്ക്യ രഹാനയ്ക്ക് പകരം ശ്രേയസ് അയ്യരെ കളിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വിവിഎസ് ലക്ഷ്‌മൺ.
മികച്ച പ്രകടനത്തിന് ശേഷം ടീമിൽ തുടർച്ച ലഭിക്കുക എന്നത് ഏതൊരു പുതിയ താരത്തിനും ആവശ്യമാണ്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറി കണ്ടെത്തിയ ഒരു താരത്തിനെ പുറത്തിരുത്തുന്നത് ശരിയല്ല.അതിനാൽ തന്നെ ആദ്യ ടെസ്റ്റിൽ രഹാനെക്ക് പകരം അയ്യരാവും കളിക്കുക. ഇതിന് പുറമെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ടീമില്‍ ഇടം കിട്ടാതിരുന്ന മധ്യനിര ബാറ്റര്‍ ഹനുമാ വിഹാരിയും തന്‍റെ ടീമിലുണ്ടാവുമെന്നും ലക്ഷ്മണ്‍ പറഞ്ഞു.
കോലിയുടെ ടീമില്‍ ആദ്യ അഞ്ച് പേര്‍ സ്പെഷലിസ്റ്റ് ബാറ്റര്‍മാരായിരിക്കും. റിഷഭ് പന്ത് ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തും. അതുകൊണ്ടുതന്നെ വിഹാരിക്ക് സാധ്യതയുണ്ട് ലക്ഷ്‌മൺ പറഞ്ഞു. അതുപോലെ ആദ്യ ടെസ്റ്റില്‍ മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായി ഇന്ത്യ കളിക്കാനിറങ്ങണമെന്നും ലക്ഷ്മണ്‍ പറഞ്ഞു.